കോട്ടയം: പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ മോഷണം. ഭണ്ഡാരത്തിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. സി.സി.ടി.വി കാമറ തകർത്ത ശേഷമായിരുന്നു മോഷണം. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിവരെ പള്ളി ഓഫിസിൽ ആളുകളുണ്ടായിരുന്നു. ഇതിനു ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. ഇന്നലെ രാവിലെ ഏഴു മണിയോടെ,പള്ളി പരിസരത്തെ ലൈറ്റ് അണയ്ക്കാനെത്തിയ മാനേജിംഗ് കമ്മിറ്റി അംഗം വാലയിൽ ജോൺ ജോണാണ് മോഷണ വിവരം ആദ്യമറിയുന്നത്. തുടർന്ന് പള്ളി വികാരിയേയും ചിങ്ങവനം പൊലീസിലും വിവരമറിയിച്ചു. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.