കോട്ടയം: പിടിവിട്ട് കൊവിഡ് കുതിക്കുന്ന പശ്ചാത്തലത്തിൽ ആർപ്പൂക്കരയിൽ പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പും സർക്കാരും. പഞ്ചായത്തിലെ എല്ലാ വാർഡിലും കൊവിഡ് പ്രതിരോധത്തിനായുള്ള ജാഗ്രതാസമതി കൂടി വേണ്ട നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഓരോ വാർഡിലും ബോധവത്കരണത്തിന്റെ ഭാഗമായി അഞ്ചു റൗണ്ടാണ് മൈക്ക് അനൗൺസ്‌മെന്റ് നടത്തിയത്. തുടർന്ന് അഞ്ഞൂറോളം പോസ്റ്ററുകളും പതിച്ചു. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്കും, രോഗ ലക്ഷണങ്ങൾ ഉള്ളവർക്കുമായി പരിശോധന നടത്തി. കൊവിഡ് സ്ഥിരീകരിച്ച അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കി.

ആർപ്പൂക്കര പഞ്ചായത്തിലെ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് റോസിലി ടോമിച്ചനും,അതിരമ്പുഴ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ റോസിലിൻ ജോസഫും അറിയിച്ചു. വൈസ് പ്രസിഡന്റ് ലുക്കോസ് ഫിലിപ്പ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപ ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് ചെയർപേഴ്‌സൺ ഓമന സണ്ണി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിത ബിനു, അംഗം ഹരിക്കുട്ടൻ, ജെസ്റ്റിൻ ജോസഫ്,പഞ്ചായത്ത് സെക്രട്ടറി മനോജ് ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ കെ.സി ജനമൈത്രി പൊലീസ് ഓഫീസർ ശ്രീജിത്ത് എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.