കോട്ടയം: ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആറ് നഗരസഭകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ട് ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ ലഭിച്ചില്ല . കോട്ടയം നഗരസഭയിൽ ബി.ജെ.പിക്ക് എട്ട് കൗൺസിലർമാരുണ്ട്. 12 പേർ രണ്ടാം സ്ഥാനത്തും വന്നു. ഇവർക്കെല്ലാം കൂടി ലഭിച്ച വോട്ട് കോട്ടയം നിയമസഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിച്ച മിനർവ മോഹന് ലഭിച്ചില്ല. 1.30 ലക്ഷം വോട്ടുകൾ കോട്ടയം മണ്ഡലത്തിൽ പോൾ ചെയ്തതിൽ 8501 വോട്ട് മാത്രമാണ് മിനർവയ്ക്ക് ലഭിച്ചത്. എട്ടു ശതമാനത്തിൽ താഴെ മാത്രം. അൽഫോൻസ് കണ്ണന്താനം മത്സരിച്ച കാഞ്ഞിരപ്പള്ളിയിലൊഴിച്ച് പത്ത് ശതമാനത്തിൽ കൂടുതൽ വോട്ടു കിട്ടിയ സ്ഥാനാർത്ഥികൾ കുറവാണ്. പൂഞ്ഞാറിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 2965 വോട്ടാണ്. പോൾ ചെയ്തതിന്റെ അഞ്ചു ശതമാനത്തിൽ താഴെ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 19966 വോട്ട് ലഭിച്ചിരുന്നു. വൈക്കത്തെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥിയുടെ സ്ഥിതിയും വ്യത്യസ്തമല്ല . 30067ൽ നിന്ന് 11708 ആയാണ് വോട്ട് കുറഞ്ഞത്.
എൻ. ഡി.എ വോട്ടുകൾ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും മറിഞ്ഞുവെന്ന ആരോപണം ഇടതു വലതു മുന്നണികൾ ഉന്നയിച്ചിട്ടും അതേക്കുറിച്ച് അറിയില്ലെന്നും ആരും പരാതിപ്പെട്ടിട്ടില്ലെന്നുമാണ് ജില്ലാ പ്രസിഡന്റ് നോബിൾ മാത്യുവിന്റെ മറുപടി.