കട്ടപ്പന: നിർദ്ദിഷ്ട തേക്കടി-കൊച്ചി സംസ്ഥാനപാതയിലെ മേരികുളം നിരപ്പേൽക്കട പാലത്തിന്റെ നിർമാണം വൈകുന്നു. കുമളി റൂട്ടിൽ ഗതാഗതം തടസപ്പെട്ടതോടെ 35 കിലോമീറ്ററിലധികം സഞ്ചരിക്കേണ്ട സ്ഥിതിയാണ് യാത്രക്കാർക്ക്. ഏപ്രിലിൽ നിർമാണം പൂർത്തീകരിച്ച് ഗതാഗതം പുനരാരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി. നൽകിയ ഉറപ്പ് പാഴായിരിക്കുകയാണ്.
പ്രളയകാലത്ത് തകർന്ന പാലം ഉടൻ പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. തുടർന്ന് പാലം നിർമിക്കാൻ 30 ലക്ഷവും റോഡിന്റെ അറ്റകുറ്റപ്പണിക്ക് 50 ലക്ഷവും പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. 2019 ആഗസ്റ്റിൽ റോഡിലെ ഗതാഗതം നിരോധിച്ചു. തുടർന്ന് ടെൻഡൻ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ചെങ്കിലും നിർമാണമാരംഭിക്കാൻ വൈകി. കൂടാതെ നിർമാണ സാമഗ്രികൾക്ക് കിട്ടാൻ വൈകിയതും ഉദ്യോഗസ്ഥർക്ക് തുടർച്ചയായി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്യേണ്ടിവന്നതും മൂലം നിർമാണം ഒരുമാസത്തിലധികം വൈകി. പാലത്തിന്റെ കോൺക്രീറ്റ് ജോലികളാണ് ഇനി നടക്കാനുള്ളത്. ഉച്ചകഴിഞ്ഞ് വേനൽമഴ പെയ്യുന്നതിനാൽ പലദിവസങ്ങളിലും പണി തടസപ്പെടുന്നു. ഏപ്രിൽ 5ന് മുമ്പ് പൂർത്തീകരിക്കുമെന്നായിരുന്നു പി.ഡബ്ല്യു.ഡി. പറഞ്ഞിരുന്നത്. നിലവിലെ സാഹചര്യത്തിൽ റോഡ് ഗതാഗതത്തിന് തുറക്കുകൊടുക്കാൻ ഒരുമാസം കൂടി വേണ്ടിവരും. തോട്ടം തൊഴിലാളികളടക്കം ദിവസേന സഞ്ചരിച്ചിരുന്ന പാതയാണ് 21 മാസത്തോളമായി അടച്ചിട്ടിരിക്കുന്നത്.
പാലം പഴയപടി
പതിറ്റാണ്ടുകൾക്ക് മേരികുളത്തു നിന്നും ഇടപ്പൂക്കുളം വഴി കുമളിയിലേക്ക് മൺപാതയുണ്ടായിരുന്ന കാലത്താണ് പാലം നിർമിച്ചത്. പിന്നീട് തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായതോടെ റോഡ് വീതികൂട്ടി നിർമിച്ചെങ്കിലും പാലം പഴയപടി തുടർന്നു.