shop
മൂന്നാർ ടൗണിൽ കാട്ടാനകൾ നാശം വരുത്തിയ പാപ്പു കുഞ്ഞിന്റെ പച്ചക്കറിക്കട

അടിമാലി: കൊവിഡ് ആശങ്കയിൽ ആളൊഴിഞ്ഞതോടെ മൂന്നാർ ടൗണിൽ വീണ്ടും കാട്ടാനകൾ എത്തി.രാത്രിയിൽ കൊമ്പനും കുട്ടിയാനയുമുൾപ്പെടെ രണ്ടാനകളായിരുന്നു ടൗണിലെത്തിയത്.ടൗണിൽ പ്രവർത്തിച്ച് വന്നിരുന്ന പാപ്പു കുഞ്ഞിന്റെ പച്ചക്കറിക്കട ഇത്തവണയും ആന തകർത്തു.ഐ എൻ ടി യു സി ഓഫീസിന് സമീപമുള്ള അയ്യപ്പന്റെ കടയ്ക്കും ആനകൾ കേടുപാടുകൾ വരുത്തി.അയ്യപ്പന്റെ കടക്കുനേരെ രണ്ടാം തവണയും പാപ്പു കുഞ്ഞിന്റെ കടക്കു നേരെ ഏഴാം തവണയുമാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.വ്യാപാര സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന പച്ചക്കറികൾ ഉൾപ്പെടെ വലിച്ച്വരാരിയിടുകയും കുറേ ഭക്ഷണമാക്കുകയും ചെയ്തു. മൂന്നാർ മേഖലയിലെ വന്യജീവി ശല്യം പ്രതിരോധിക്കാൻ വനംവകുപ്പ് ഫലപ്രദമായ ഇടപെടൽ നടത്തണമെന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും ആവശ്യമായ നടപടികൾ ഒന്നും നടത്തുന്നില്ലെന്ന പരാതി പ്രദേശവാസികൾക്കുണ്ട്. കാട്ടാനകൾ ടൗണിലേക്കെത്താതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം വ്യാപാരികളും മുമ്പോട്ട് വയ്ക്കുന്നു.ജനവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പുറമെ തോട്ടം മേഖലയിൽ വളർത്തുമൃഗങ്ങൾക്ക് നേരെ പുലിയുടെ ആക്രമണവും രൂക്ഷമാണ്.