പാലാ: പാലാ മേഖലയിൽ കൊവിഡ് വ്യാപാനം രൂക്ഷമായി തുടരുന്നു. നഗരസഭയിലെ കവീക്കുന്ന്, മുത്തോലി, കടപ്പാട്ടൂർ, ടൗൺ പ്രദേശങ്ങളിലെല്ലാം കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. സമീപ പഞ്ചായത്തുകളിലും കൊവിഡ് ബാധ വർദ്ധിച്ചു വരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

പ്രാദേശിക ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സുരക്ഷാ നടപടികളും താത്കാലിക നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ കരൂർ പഞ്ചായത്തിലെ റോഡുകൾ അടയ്ച്ചു. ജില്ലയിൽ കൊവിഡ് രോഗികൾ ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ പഞ്ചായത്തായി കരൂർ മാറി. നിലവിൽ 306 രോഗികളാണ് ഇവിടെയുള്ളത്. മറ്റു പലർക്കും രോഗലക്ഷണങ്ങൾ കണ്ടുവരുന്നതായും പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു പറഞ്ഞു. ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്നും അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർത്ഥിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പാലാ പൊലീസും അറിയിച്ചിട്ടുണ്ട്.
ഇതിനായി കരൂരിലേക്ക് പ്രത്യേകം പൊലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പാലാ ഡിവൈ.എസ്.പി കെ.ബി പ്രഫുല്ല ചന്ദ്രനും എസ്.എച്ച്.ഒ സുനിൽ തോമസും അറിയിച്ചു.