വൈക്കം: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ വൈക്കം പൊലീസ് നടപടി കർശനമാക്കി. നഗരത്തിലും പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിൽ വരെ പൊലിസ് നീരീക്ഷണം ഊർജിതമാക്കി. വൈക്കം വലിയകവലയിലും വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിലും എറണാകുളം കോട്ടയം ജില്ലകളെ വേർതിരിക്കുന്ന പൂത്തോട്ടയിലും പൊലീസ് പരിശോധന നടത്തി. എറണാകുളം കോട്ടയം ജില്ലകളെ വേർതിരിക്കുന്ന വെള്ളൂർ നീർപ്പാറ ജംഗ്ഷനിൽ തലയോലപ്പറമ്പ് പൊലീസും പരിശോധന നടത്തി.സാമൂഹ്യ അകലം പാലിക്കാതിരുന്നതിന് എട്ട് പേർക്കെതിരെ വൈക്കം പൊലീസ് കേസെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും പൊലീസ് അധികൃതർ പറഞ്ഞു. കൊവിഡ് പ്രതിരോധ ബോധവത്ക്കരണത്തിന്റെ ഭാഗമായി വൈക്കം ടൗണിൽ പൊലീസ് നിരന്തരം അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്.