taxi

കോട്ടയം : കൊവിഡ് നിയന്ത്രണങ്ങൾ ഒടുവിൽ ലോക്ക്ഡൗണിലേയ്ക്ക് കൂടി കടന്നതോടെ ഓട്ടോ - ടാക്‌സി തൊഴിലാളികൾ വീണ്ടും പ്രതിസന്ധിയിൽ. അന്നന്നത്തെ വരുമാനത്തിലൂടെ ഉപജീവനം നടത്തിയിരുന്ന, ജില്ലയിലെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ലോക്ക് ഡൗൺ താങ്ങാവുന്നതിലും അപ്പുറമാണ്. കൊവിഡിൽപ്പെട്ട് ടൂറിസം മേഖലയും തകർന്നത് ടൂറിസം ടാക്സി ഡ്രൈവർമാർക്ക് കൂടുതൽ ദുരിതമായി. രാത്രികാല ഓട്ടം ആശ്രയിച്ചിരുന്നവർക്ക് തീരെ ഓട്ടം ലഭിക്കുന്നില്ല.

ഒരു ദിവസം ചെലവും കഴിഞ്ഞ് നൂറ് രൂപ മിച്ചം ലഭിച്ചാൽ ഭാഗ്യമെന്നാണ് തൊഴിലാളികളുടെ പക്ഷം. ജീവിതം വഴിമുട്ടി നിൽക്കുന്ന തങ്ങൾക്ക് മുന്നോട്ട് നീങ്ങാൻ സർക്കാർ സഹായം വേണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ധനവില, ഓട്ടോ സ്‌പെയർ പാർട്‌സുകളുടെ വില, നിത്യോപയോഗ സാധനങ്ങളുടെ വില എന്നിവയുടെ വർദ്ധന മൂലം ജീവിതം ദുസ്സഹമായി കൊണ്ടിരിക്കെയാണ് കൊവിഡിന്റെ രണ്ടാംവരവ് ഇടിത്തീയായത്.

ഇന്ധനവിലയും വില്ലൻ

നിലവിൽ ലഭിക്കുന്ന ഓട്ടത്തിന്റെ വരുമാനം ഇന്ധനം നിറയ്ക്കാൻ പോലും തികയുന്നില്ല.വാടകയ്ക്ക് വാഹനം എടുത്ത് ഓടിക്കുന്നവർക്ക് ഉടമസ്ഥന് നൽകാനുള്ള പണം കഷ്ടി. വായ്പയെടുത്ത് വാഹനം വാങ്ങിയവരുടെ തിരിച്ചടവും മുടങ്ങിയിട്ടുണ്ട്. ഓട്ടോ, ടാക്‌സി മേഖലയെ ആശ്രയിച്ച് കഴിയുന്ന ജില്ലയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്കാണ് ഇതോടെ അന്നം മുട്ടിയത്. ലോക്ക് ഡൗൺ കാലത്ത് മാസങ്ങളോളം വീട്ടിലിരുന്ന തൊഴിലാളികൾ കൊവിഡ് ഇളവുകൾ വന്നതോടെയാണ് വീണ്ടും രംഗത്തിറങ്ങിയത്. പലരും ആദ്യഘട്ടത്തിൽ ഓട്ടം വിളിക്കാൻ മടികാണിച്ചിരുന്നു. എന്നാൽ പഴയരീതിയിലേയ്ക്ക് കാര്യങ്ങളെത്തിയപ്പോഴേയ്ക്കും വീണ്ടും പ്രതീക്ഷ തെറ്റിച്ചു.

'' കൊവിഡ് നിരക്ക് കുറഞ്ഞപ്പോൾ എല്ലാം പഴയപടിയാകും എന്ന് ആശ്വസിച്ചിരുന്നു. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ചാണ് രണ്ടാം തരംഗം എത്തിയത്. പാക്കേജുകളെല്ലാം ക്യാൻസലായി''

ദിലീപ്, ടൂറിസം ടാക്സി ഡ്രൈവർ