കട്ടപ്പന: തേയില കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ച് പച്ചക്കൊളുന്ത് വില കുത്തനെ ഇടിഞ്ഞു. കിലോഗ്രാമിന് 14.41 രൂപയാണ് ഈ മാസം ടീ ബോർഡ് നിശ്ചയിച്ചിരിക്കുന്നത്. 3 മാസത്തിനിടെ 16 രൂപയിലധികം കുറഞ്ഞു. ജനുവരിയിൽ 22.56 രൂപയായിരുന്നെങ്കിലും 24 മുതൽ 32 രൂപ വരെ കർഷകർ ലഭിച്ചിരുന്നു. തേയിലക്കൃഷി ഉപജീവനമാക്കിയ 26,000ൽപ്പരം ചെറുകിട കർഷകരാണ് ഇടുക്കിയിലുള്ളത്. 10 മാസം മുമ്പ് പച്ചക്കൊളുന്തിന് 14 രൂപയായിരുന്നു വില. തുടർന്ന് 7 മാസങ്ങൾക്ക് ശേഷം മോഹവിലയായ 30 രൂപ കടന്നതോടെ കർഷകർ ആശ്വാസത്തിലായിരുന്നു. എന്നാൽ 3 മാസത്തിന് ശേഷം ഇപ്പോൾ 50 ശതമാനത്തിലധികമാണ് വില കുറഞ്ഞിരിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കിടെ വിലയിടിവ് തടയാൻ ടീ ബോർഡ് ഇടപെടുന്നില്ലെന്നാണ് കർഷകരുടെ ആക്ഷേപം. വിവിധ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് കർഷകർക്കും സംഘങ്ങൾക്കും ടീ ബോർഡ് നൽകാനുള്ളത് 80 ലക്ഷത്തിലധികമാണ്. 4 വർഷം കഴിഞ്ഞിട്ടും തുക മുഴുവൻ കൊടുത്തുതീർക്കാൻ ബോർഡ് തയാറായിട്ടില്ല. 2017 ഫെബ്രുവരി രണ്ടിന് കട്ടപ്പനയിൽ ടീ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പങ്കെടുത്ത യോഗത്തിൽ, തുക അടിയന്തരമായി നൽകുമെന്ന് കർഷക സംഘടനകൾക്ക് ഉറപ്പുനൽകിയിരുന്നു. പുതുക്കൃഷി, റീപ്ലാന്റ്, കുഴൽക്കിണർ നിർമാണം, ഹാർവെസ്റ്റ് മെഷീൻ, വാഹനം എന്നീ വിഭാഗങ്ങളിലായി 1.40 കോടി രൂപയാണ് ആകെ നൽകാനുണ്ടായിരുന്നുത്. ഇതിൽ വാഹനങ്ങൾ വാങ്ങിയവരുടെ 35 ലക്ഷം രൂപ മാത്രമേ നൽകിയിട്ടുള്ളൂ.
തേയിലച്ചെടികളിൽ ഫംഗസ്
കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് തേയിലച്ചെടികൾക്ക് ഫംഗസ് ബാധിച്ചിരിക്കുകയാണ്. ഇടയ്ക്കിടെ പെയ്യുന്ന മഴയും അതിശക്തമായ കോടമഞ്ഞും പകൽച്ചൂടും മൂലം കൊളുന്ത് നാമ്പിടുമ്പോൾ തന്നെ ഫംഗസ് ബാധിച്ച് കരിഞ്ഞുണങ്ങുന്നു. ആദ്യം ഇലകളിലും പിന്നീട് തണ്ടുകളിലും വേരുകളിലും രോഗബാധയുണ്ടായി ചെടി പൂർണമായി നശിക്കുന്നു. തുടർച്ചയായ പ്രളയങ്ങൾക്കും കൊവിഡ് പ്രതിസന്ധിക്കും ശേഷം ഇപ്പോഴത്തെ കാലാവസ്ഥ വ്യതിയാനവും മൂലം കേരളത്തിലെ തേയില ഉത്പ്പാദനം മുൻവർഷങ്ങളെ അപേക്ഷിച്ച് 40 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
കേരളത്തിനു പുറമേ തമിഴ്‌നാട്, ബംഗാൾ, ആസാം, ത്രിപുര, ഉത്തരാഖണ്ഡ്, നാഗാലാൻഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലക്കൃഷിയുള്ളത്. രാജ്യത്തെ ആകെ ഉത്പ്പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്.
'ടീ ബോർഡ് ഇടപെടണം'
വൈ.സി. സ്റ്റീഫൻ(സംസ്ഥാന പ്രസിഡന്റ്, ചെറുകിട തേയില കർഷക ഫെഡറേഷൻ)
ചെറുകിട തേയില കർഷകരെ സഹായിക്കാൻ ടീ ബോർഡ് അടിയന്തരമായി ഇടപെടണം. ഉത്പ്പാദനം കുറവായിട്ടും ഇപ്പോഴത്തെ വിലയിടിവിന്റെ കാരണം അജ്ഞാതമാണ്. തേയിലക്കൃഷി ഉപജീവനമാക്കിയ നിരവധി കർഷകർ ഇടുക്കിയിലുണ്ട്. രാജ്യത്തെ ആകെ ഉത്പ്പാദനത്തിന്റെ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. സംസ്ഥാനത്ത് ഏറ്റവുമധികം ഉൽപാദനം ഇടുക്കിയിലാണ്. എന്നാൽ കർഷകരെ തഴയുന്ന സമീപനമാണ് ബോർഡ് തുടരുന്നത്. കർഷക സംഘടനകളുടെ നിർദേശങ്ങൾ കൂടി പരിഗണിച്ച് ഫലപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണം.