പാലാ: കൊവിഡിനെതിരെ വ്യത്യസ്തമായ രീതിയിൽ ബോധവത്ക്കരണം നടത്തുകയാണ് അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിയായ റ്റിബിൻ തോമസ്. മൈക്രോ ആർട്ട് കലയിൽ (പെൻസിൽ കൊത്തുപണി) തൽപ്പരനായ റ്റിബിൻ ആ കലയിലൂടെ തന്നെ സമൂഹത്തിന് രോഗവ്യാപനത്തെ കുറിച്ചും, സാമൂഹിക അകലം പാലിക്കേണ്ടതിനെ കുറിച്ചും ബോധവത്ക്കരണം നടത്തുകയാണ്. വീടും പരിസരവും വൃത്തിയാക്കുക. , പച്ചക്കറി കൃഷി ചെയ്യുക, സാമൂഹിക അകലം പാലിക്കുക, മാസ്‌ക്ക് ധരിക്കുക തുടങ്ങിയ പ്രവർത്തികളിലൂടെ സമൂഹത്തിന് യുവാക്കൾ മാതൃകയാകണമെന്നുള്ള സന്ദേശമാണ് പെൻസിൽ കൊത്തുപണിയിലൂടെ റ്റിബിൻ പങ്കുവെയ്ക്കുന്നത്.
രാവിലെ മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന് പെൻസിൽ കാർവിംഗ് ചെയ്തപ്പോൾ വൈകിട്ടോടെ അനേകം സന്ദേശങ്ങൾ കൊത്തിയെടുക്കാനായി. ഗുണപരമായ നിരവധി കാര്യങ്ങൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്താനുണ്ടെന്നും അതിന്റെ പണി പുരയിലാണ് താനെന്നും യുവാവ് പറയുന്നു. പഠനത്തിന്റെ അവധി ദിനങ്ങളിൽ പാലാ മിൽക്ക് ബാർ സൊസൈറ്റിയിൽ തൊഴിലാളിയായും ഈ 21കാരനുണ്ട്. പൂവത്തോട് അറമത്ത് കുടുംബാംഗമാണ് റ്റിബിൻ തോമസ്. പരേതനായ ടോമി മാത്യുവിന്റെയും,സോണിയയുടേയും മകനാണ്. അലീനായാണ് സഹോദരി.