പാലാ: തിരഞ്ഞെടുപ്പ് വേളയിൽ ജോസ്. കെ. മാണിക്കെതിരെ ഉയർന്ന ദുഷ്പ്രചരണങ്ങളെ പ്രതിരോധിക്കാനോ തിരിച്ചടിച്ച് വോട്ടാക്കി മാറ്റാനോ തങ്ങൾക്ക് കഴിഞ്ഞില്ലെന്ന് കേരളാ കോൺഗ്രസ് എം നേതാവിന്റെ തുറന്നുപറച്ചിൽ. ജോസ് കെ.മാണിയുമായി ഏറെ അടുപ്പമുള്ളയാളും പാർട്ടി പാലാ ടൗൺ മണ്ഡലം പ്രസിഡന്റുമായ ബിജു പാലൂപ്പടവിലാണ് ജോസ്.കെ.മാണിയുടെ പരാജയം താനുൾപ്പെടെയുള്ള മണ്ഡലം പ്രസിഡന്റുമാരുടെയും പാർട്ടിയിലെ മറ്റു നേതാക്കളുടെയും വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമത്തിൽ കുറിപ്പെഴുതിയത്.

ജോസ്. കെ.മാണിയുടെ കഴിവും ദീർഘവീക്ഷണവും നാട്യങ്ങളില്ലാത്ത സൗമ്യമായ പെരുമാറ്റവുമെല്ലാം നിഷ്പക്ഷരായ വോട്ടർമാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല എന്നതുകൊണ്ട് തന്നെ ജോസിന്റെ തോൽവിയിൽ തങ്ങൾക്കും പങ്കുണ്ടെന്ന് ബിജു പാലൂപ്പടവിൽ സമ്മതിക്കുന്നു.

മറ്റ് മണ്ഡലങ്ങളെപ്പോലെ പാലാ മുനിസിപ്പൽ മണ്ഡലത്തിലും പ്രതീക്ഷിക്കാതെ ജോസ്.കെ. മാണി പിന്നാക്കം പോയി. ജോസ്. കെ. മാണിയുടെ പരാജയം തന്റേയും പരാജയമാണെന്ന് വിശദീകരിക്കുന്ന ബിജു ഈ പരാജയത്തിന് കൂടുതൽ ന്യായീകരണമൊന്നും നിരത്തുന്നില്ലെന്നും കൂട്ടിച്ചേർക്കുന്നു.

ജോസ്. കെ.മാണിയുടെ സ്വന്തം ബൂത്തായ 128ൽ അദ്ദേഹത്തിന് 93 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെങ്കിലും ചിലർ ഇവിടെ ജോസ്.കെ.മാണി പിന്നിലാണെന്ന് തെറ്റായി പ്രചരിപ്പിക്കുകയാണ്. ഇത് ശരിയല്ല.ഇവിടെ കെ.എം. മാണി മത്സരിച്ചിരുന്നപ്പോഴും അധികം ഭൂരിപക്ഷം ലഭിച്ചിരുന്നില്ലെന്നും അതിന്റെ കാരണം തുറന്നുപറഞ്ഞ് താൻ വിവാദത്തിനില്ലെന്നും ബിജു പാലൂപ്പടവിൽ കുറിക്കുന്നു. പാലായിലെ തോൽവിയുമായി ബന്ധപ്പെട്ട് മാണി ഗ്രൂപ്പിലെ തന്നെ ചില നേതാക്കൾക്കെതിരെ അണികൾ പടയൊരുക്കം നടത്തുന്നതിനിടയിലാണ് 'തുറന്നുപറച്ചിലുമായി '' ബിജു പാലൂപ്പടവൻ രംഗത്തുവന്നത്.