ആനിക്കാട്: എസ്.എൻ.ഡി.പി.യോഗം 4840ാം നമ്പർ ഇളമ്പള്ളി ശാഖാ ഓഫീസിൽ മോഷണശ്രമം. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മോഷ്ടാക്കൾ ശാഖാ ഓഫീസിന്റെ കതക് പൂട്ടുപൊളിച്ച് തുറക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് സമീപത്തെ വീട്ടുകാർ ഉണർന്നു. ഉടൻതന്നെ ശാഖാ സെക്രട്ടറിയെ വിവരം അറിയിച്ചു. നിമിഷങ്ങൾക്കകം സെക്രട്ടറി പി.കെ ശശിയും ശാഖാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ഇവരെ കണ്ട മോഷ്ടാക്കൾ ഓഫീസിന് പിൻഭാഗത്തുള്ള തോട്ടിൽ ചാടി രക്ഷപെട്ടു. കവർച്ചക്കാർ രണ്ടുപേരായിരുന്നുവെന്ന് ശാഖാ സെക്രട്ടറി പറഞ്ഞു. ഇവരെത്തിയ പൾസർ ബൈക്കും ഓടി രക്ഷപെടുന്നതിനിടെ തെറിച്ചുവീണ മൊബൈൽഫോണും ഓഫീസ് പരിസരത്ത് നിന്നും കണ്ടെത്തി. ശാഖാ ഭാരവാഹികൾ അറിയിച്ചതിനെത്തുടർന്ന് പള്ളിക്കത്തോട് പൊലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മോഷ്ടാക്കളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനിടെ പരിസരത്തുള്ള രണ്ടുവീടുകളിൽ കിടന്നിരുന്ന ഓട്ടോറിക്ഷയും മറ്റൊരു വീട്ടിൽനിന്നും സ്‌കൂട്ടറും എടുത്ത് രക്ഷപെടാനുള്ള ശ്രമം മോഷ്ടാക്കൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. പരിസരത്ത് നിന്നും കണ്ടെടുത്ത ബൈക്കും മൊബൈൽഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു.ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം പുരോഗമിക്കുന്നതായും പ്രതികളെ ഉടൻ പിടികൂടുമെന്നും പള്ളിക്കത്തോട് പൊലീസ് അറിയിച്ചു.

ചിത്രവിവരണംഎസ്.എൻ.ഡി.പി.യോഗം ഇളമ്പള്ളി ശാഖാ ഓഫീസിന്റെ പൂട്ട് മോഷ്ടാക്കൾ തകർത്ത നിലയിൽ.
2)എസ്.എൻ.ഡി.പി.ഇളമ്പള്ളി ശാഖയിലെത്തിയ ഡോഗ് സ്‌ക്വാഡ്.