ചങ്ങനാശേരി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും ശനിയാഴ്ച മുതൽ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലും ചങ്ങനാശേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും സ്റ്റിയറിംഗ് കമ്മിറ്റിയുടെയും സംയുക്ത യോഗം ചേർന്നു. ചങ്ങനാശേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സി.എഫ്.എൽ.ടി.സി പ്രവർത്തന സജ്ജമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 75 ബെഡുകളാണ് സി.എൽ.ടി.സിയിൽ ക്രമീകരിക്കുന്നത്. 50 എണ്ണം പുരുഷന്മാർക്കും 25 എണ്ണം സ്ത്രീകൾക്കുമാണ് സജ്ജമാക്കുന്നത്. ചങ്ങനാശേരി നഗരസഭയുടെ നേതൃത്വത്തിൽ മുൻസിപ്പാലിറ്റിയിൽ ഹെൽപ്പ് ഡെസ്‌ക്കും ആരംഭിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്ത് ബി.ഡി.ഒ പി.കെ സംഗീത നോഡൽ ഓഫീസറായി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ വി.സോണി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വിജേഷ്, സുമിത എന്നിവരുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. കൊവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കുന്നതിനും ഡി.സി.സി, സി.എഫ്.എൽ.ടി.സി എന്നിവിടങ്ങളിൽ എത്തിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളിൽ മരുന്ന് ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുന്നതിനും നഗരസഭ വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വാർഡ് അടിസ്ഥാനത്തിൽ റാപ്പിഡ് റെസപോൺസ് ടീം, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലും ആവശ്യമായ സഹായങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9400194671, 9778364104, 9447200043, 9846567506, 9188865964.