പാലാ : ലോക്ഡൗൺ പ്രഖ്യാപനത്തിന്റെ തലേദിവസം പൊലീസ് ഇളവനുവദിച്ചതോടെ നഗരം നിറഞ്ഞ് ജനമെത്തി. അവശ്യ സാധനങ്ങൾ വാങ്ങി കൂട്ടുന്നതിനും സുരക്ഷിത സ്ഥലങ്ങളിലേക്കും ബന്ധുവീടുകളിലേക്കും ചേക്കേറുന്നതിനാണ് ജനം നഗരത്തിലേക്ക് ഒഴുകിയെത്തിയത്. വലിയ ഗതാഗതക്കുരുക്കാണ് ഇന്നലെ നഗരത്തിന്റെ പലഭാഗത്തും അനുഭവപ്പെട്ടത്. കടകമ്പോളങ്ങളും സൂപ്പർമാർക്കറ്റുകളിലും വലിയ ജനത്തിരക്ക് അനുഭവപ്പെട്ടു. അതേസമയം ഇന്നലെ പൊലീസ് നിയന്ത്രണങ്ങൾക്ക് താത്ക്കാലിക ഇളവ് അനുവദിച്ച മട്ടിലായിരുന്നു. എങ്ങും പൊലീസ് പരിശോധനകൾ കാര്യമായി ഉണ്ടായിരുന്നില്ല. കഴിഞ്ഞദിവസങ്ങളിൽ ജനം കൂട്ടത്തോടെ ഇറങ്ങിയതിനെ തുടർന്ന് വ്യാപാരികൾക്ക് കർശന നിർദ്ദേശങ്ങൾ പൊലീസ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 5 പേർക്ക് മാത്രമാണ് ഒരേസമയം കടകളിൽ പ്രവേശനം അനുവദിച്ചുള്ളു. ഇത് പാലിക്കാത്ത കടകൾ അടപ്പിക്കാനായിരുന്നു നിർദ്ദേശം.ഇന്നലെ ഇക്കാര്യങ്ങളിലെല്ലാം എല്ലാം ഇളവ് കാണാമായിരുന്നു.