വൈക്കം: നേരേകടവ് മക്കേക്കടവ് പാലം എന്ന് യാഥാർത്ഥ്യമാകും?... കാത്തിരിപ്പ് തുടരുമ്പോൾ പാലം നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുകയാണ്. ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട്ട് കായലിൽ നിർമ്മിക്കുന്ന നേരേകടവ് മക്കേക്കടവ് പാലം പൂർത്തിയായാൽ ചേർത്തല, വൈക്കം താലൂക്കുകളുടെ വികസനത്തിലും വലിയ കുതിപ്പേകും. 750 മീറ്ററോളം നീളം വരുന്ന പാലത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടയിലാണ് സമീപറോഡിനായി സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഉടലെടുത്തത്. ഇതോടെ പാലം നിർമ്മാണവും നിലച്ചു. വൈക്കം അരൂർ നിയോജകമണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന പാലത്തിന്റെ നിർമ്മാണം 2016 ലാണ് തുടങ്ങിയത്. 98കോടി രൂപ നിർമ്മാണ ചെലവ് കണക്കാക്കിയ പാലത്തിന്റെ നിർമ്മാണം എറണാകുളത്തെ ഗോശ്രീ പാലം നിർമ്മിച്ച കൺസ്ട്രക്ഷൻ കമ്പനി 78കോടി രൂപയ്ക്കാണ് കരാർ ഏറ്റെടുത്തത്.18 മാസ കാലാവധിയിൽ നിർമ്മാണം തുടങ്ങിയ പാലം കരാർ കാലാവധിക്ക് ആറു മാസം മുമ്പേ പൂർത്തിയാക്കുന്നതിന് അതിവേഗത്തിലാണ് ജോലികൾ പുരോഗമിച്ചത്.എന്നാൽ മാക്കേക്കടവിലുംനേരേകടവിലും സമീപറോഡിനായി സ്ഥലം വിട്ടുനൽകേണ്ടവർ സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരത്തിൽ കൂടുതൽ തുക ലഭിക്കാൻ കോടതിയിൽ ഹർജി നൽകിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും നിലച്ചത്. ഏതാനും മാസങ്ങൾക്ക് മുൻപ് സ്ഥലമുടമകൾക്ക് നൽകാനുള്ള തുക സർക്കാർ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചിട്ടില്ല.
കിഴക്കൻമേഖലയിലേക്ക് സുഖയാത്ര
ആലപ്പുഴ ജില്ലയിൽ നിന്ന് കിഴക്കൻമേഖലയിലേക്ക് ഗതാഗതം സുഗമാക്കാൻ വിഭാവനം ചെയ്ത തുറവൂർ പമ്പ ഹൈവേയുടെ ഭാഗമാണ് നേരേകടവ് മാക്കേക്കടവ് പാലം. ഹൈവേയുടെ ഭാഗമായ തുറവൂർ പാലം യാഥാർഥ്യമായിട്ട് വർഷങ്ങളായി.കോട്ടയത്ത് നിന്ന് എറണാകുളത്തേക്കും ആലപ്പുഴയിൽ നിന്ന് കോട്ടയത്തേക്കുമുള്ള യാത്രയിൽ കിലോമീറ്ററുകൾ ലാഭിക്കാനാകുന്ന പദ്ധതി വൈക്കം ചേർത്തല താലൂക്കുകളുടെ വികസനത്തിനും കുതിപ്പേകും.