കുമരകം: ഇന്നലെ പെയ്ത വേനൽമഴയിൽ കുമരകത്തെ പല റോഡുകളിലും വെള്ളം കയറി. കുമരകം - കോട്ടയം റോഡിൽ കോണത്താറ്റു പാലത്തിന് സമീപം ഗുരുമന്ദിരം ഭാഗത്തും അപ്സര ജംഗ്ഷനിലുമാണ് വെള്ളക്കെട്ട് രൂക്ഷം. കുമരകം കമ്മുണിറ്റി ഹെൽത്ത് സെന്റർ റോഡും വെള്ളത്തിലാകുക പതിവാണ്. ഓട നിർമ്മിക്കാത്തതാണ് വെള്ളക്കെട്ടിന് പ്രധാന കാരണം. വെള്ളക്കെട്ടുള്ള റോഡിലൂടെ വാഹനങ്ങൾ ഓടുന്നതോടെ ടാർ ഇളകി ഉണ്ടാകുന്ന ചെറിയ കുഴികൾ ഏതാനും ദിവസങ്ങൾ കൊണ്ട് വലിയ കുഴികളായി രൂപപ്പെടുക പതിവാണ് .വെള്ളം നിറഞ്ഞു കിടക്കുമ്പോൾ കുഴികൾ കാണാൻ സാധിക്കാതെ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും കുഴിയിൽ വീണ് പരിക്കേറ്റ പല സംഭവങ്ങൾ കഴിഞ്ഞ മഴക്കാലത്ത് ഉണ്ടായിട്ടുണ്ട്.