ചങ്ങനാശേരി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ ആദ്യദിനമായ ഇന്നലെ ചങ്ങനാശേരി നഗരവും സമീപ പഞ്ചായത്തുകളും നിശ്ചലം. പ്രധാന പാതകളും ഇടറോഡുകളും വിജനമായിരുന്നു. അവശ്യ സർവീസുകളായ പലചരക്ക്, പച്ചക്കറി, മെഡിക്കൽ സ്റ്റോറുകൾ, ആശുപത്രികൾ ബേക്കറികൾ മാത്രമാണ് തുറന്നത്. ഹോട്ടലുകൾ തുറന്നിരുന്നെങ്കിലും പാർസൽ സർവീസ് മാത്രമാണ് ഉണ്ടായിരുന്നത്. ചങ്ങനാശേരി മാർക്കറ്റിൽ ചരക്ക് വാഹനങ്ങൾ എത്തിയിരുന്നു. ഇവിടെയും അവശ്യവ്യാപാരസ്ഥാപനങ്ങൾ തുറന്നിരുന്നു. നഗരത്തിൽ സെൻട്രൽ ജംഗ്ഷൻ, തുരുത്തി, വലിയകുളം തുടങ്ങിയ സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. സെൻട്രൽ ജംഗ്ഷൻ, വലിയകുളം എന്നിവിടങ്ങളിൽ പൊലീസ് ബാരിക്കേഡ് സഥാപിച്ചിരുന്നു. ഇവിടെ നിന്നും രേഖകൾ പരിശോധിച്ച ശേഷമാണ് യാത്രക്കാരെ കടത്തിവിട്ടിരുന്നത്. സ്വകാര്യ ബസുകൾ, കെ.എസ്.ആർ.ടി.സി എന്നിവ സർവീസ് നടത്തിയില്ല. കഴിഞ്ഞ രണ്ട് ദിവസത്തെ തിരക്കിൽ നിന്നും വ്യത്യസ്തമായി പാതകളിൽ പൂർണമായും തിരക്കൊഴിഞ്ഞിരുന്നു. സ്വകാര്യ വാഹനങ്ങളും നിരത്തിൽ കുറവായിരുന്നു.