parisodhnan

കോട്ടയം : രണ്ടാംകൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച് രണ്ടാം ലോക്ക് ഡൗണിന്റെ ആദ്യദിനം ജില്ലയിൽ ഹർത്താൽ പ്രതീതി. പ്രധാന ജംഗ്‌ഷനുകളിലെല്ലാം പൊലീസ് കാവലുണ്ടായിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് അനാവശ്യമായി റോഡിലിറങ്ങിയവർ‌ക്കെതിരെ കേസെടുക്കുക കൂടി ചെയ്‌തതോടെ പലരും പുറത്തേക്കിറങ്ങാൻ കൂട്ടാക്കായില്ല. ഇന്നലെ പുലർച്ചെ മുതൽ പ്രധാന റോഡുകളിലും ജംഗ്ഷനിലും പൊലീസ് ബാരിക്കേഡുകൾ ഉയർത്തി വാഹന പരിശോധന കർശനമാക്കിയിരുന്നു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ മേൽനോട്ടത്തിലാണ് പരിശോധന. ബേക്കറികളും, ഹോട്ടലുകളും അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകളും മാത്രമാണ് പ്രവർ‌ത്തിച്ചത്. പലയിടത്തും ആളുകൾ എത്താതിരുന്നതോടെ വ്യാപാരികൾ ഉച്ചയോടെ കടയടച്ചു. ഹോട്ടലുകളിൽ പാഴ്‌സൽ സർീവിസിനായിരുന്നു അനുമതി. ചില ട്രെയിനുകൾ സർവീസ് നടത്തിയിരുന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. പൊലീസിന്റെ പാസ് തയ്യാറാകാതിരുന്നതിനാൽ ചുരുക്കം ചില യാത്രക്കാർ സത്യവാങ്മൂലവുമായാണ് നിരത്തിലിറങ്ങിയത്.

ഒൻപത് സബ് ഡിവിഷനുകൾ

ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിൽ പുതുതായി നാലു സബ് ഡിവിഷനുകൾ കൂടി ആരംഭിച്ചു. ഇതോടെ ഒൻപത് സബ് ഡിവിഷനുകളായി. ജില്ലയിലേക്ക് വരുന്ന പ്രധാന 12 റോഡുകളിലും 95 ജംഗ്ഷനുകളിലുമായി കർശന പരിശോധനയാണ് നടക്കുന്നത്. 75 വാഹനങ്ങളിലായി 24 മണിക്കൂറും പട്രോളിംഗ് സംഘവും ഉണ്ടായിരുന്നു. കൂടാതെ 100 ബൈക്ക് പട്രോളിംഗ് സംഘവും.