കറുകച്ചാൽ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ സി.എഫ്.എൽ.ടി.സി നാളെ പ്രവർത്തനമാരംഭിക്കും. കങ്ങഴയിൽ അടച്ചുപൂട്ടിക്കിടന്ന എം.ജി.ഡി.എം ആശുപത്രിയിലാണ് സി.എഫ്.എൽ.ടി.സി ആരംഭിച്ചത്. നിലവിൽ 80 പേർക്കുള്ള കിടക്കകളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 100 പേർക്കുള്ള സൗകര്യം ഇവിടെ ലഭ്യമാകും. സി.എഫ്.എൽ.ടി.സി ഇല്ലാത്തതിനാൽ നെടുംകുന്നം, കങ്ങഴ, കറുകച്ചാൽ, വെള്ളാവൂർ, വാഴൂർ തുടങ്ങിയ പഞ്ചായത്തുകളിലെ രോഗികൾ മുണ്ടക്കയം, പാമ്പാടി, പാലാ തുടങ്ങിയ സ്ഥലങ്ങളിലെ സെന്ററുകളിലാണ് ചികിത്സ തേടിയിരുന്നത്. മൂന്നാഴ്ച മുൻപ് ബ്ലോക്ക് പഞ്ചായത്ത് ആശുപത്രി കെട്ടിടം സി.എഫ്.എൽ.ടി.സിയ്ക്കായി ഏറ്റെടുത്ത് സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നെങ്കിലും ഡോക്ടർമാരെയും, നഴ്‌സുമാരെയും എൻ.ആർ.എച്ച്.എം. നിയോഗിക്കാത്തതിനാലാണ് പ്രവർത്തനം വൈകിയത്. നാല് ഡോക്ടർമാരും ആറ് നഴ്‌സുമാരുടെയും സേവനമാണ് ഇവിടെയുള്ളത്. സമീപ പഞ്ചായത്തുകളിലെല്ലാം കൊവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർദ്ധിച്ചതോടെ സി.എഫ്.എൽ.ടി.സി ആരംഭിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിൽ ഡി.സി.സികൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.