കട്ടപ്പന: മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് കിറ്റ് വിതരണം ആരംഭിച്ചു. കട്ടപ്പനയിലും പരിസരങ്ങളിലുമുള്ള കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്കും കോവിഡ് മുക്തരായിട്ടും ജോലിക്ക് പോകാൻ കഴിയാത്തവർക്കുമാണ് പച്ചക്കറി, പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റ് നൽകുന്നത്. തുടർച്ചയായ രണ്ടാം വർഷവും ലോക്ക് ഡൗൺ നിലവിൽ വന്നതോടെ പല തൊഴിൽമേഖലകളും സ്തംഭിച്ചിരിക്കുകയാണ്. കോവിഡ് മുക്തരായ നിരവധി പേർ ജോലിക്ക് പോകാൻ തയാറെടുക്കവെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഇതോടെ നിരവധി കുടുംബങ്ങൾ ദുരിതത്തിലാണെന്ന് തിരിച്ചറിഞ്ഞ അംഗങ്ങൾ സുമനസുകളുടെ സഹായത്തോടെ കിറ്റ് വിതരണത്തിന് തയാറെടുക്കുകയായിരുന്നു. കിറ്റ് ആവശ്യമുള്ളവർ 9447076041, 9846866089 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.