കോട്ടയം:പൊതുജന പങ്കാളിത്തോടെ കൊവിഡ് പ്രതിരോധം ഊർജ്ജിതമാക്കാൻ ലക്ഷ്യമിട്ട് ജില്ലയിൽ തുടക്കം കുറിച്ച സന്നദ്ധ സേവന പരിപാടിക്ക് മികച്ച പ്രതികരണം. വോളണ്ടിയർമാരായി പ്രവർത്തിക്കുന്നതിന് പൊതുവിഭാഗത്തിൽ 3052 പേരും പൊലീസ് വിഭാഗത്തിൽ 428 പേരും ഇതുവരെ പുതിയതായി രജിസ്റ്റർ ചെയ്തു.
ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പരിപാടിക്ക് ജില്ലയിലെ എംപിമാരും നിയുക്ത എം.എൽ.എമാരും പിന്തുണ അറിയിച്ചു. പുതിയതായി രജിസ്റ്റർ ചെയ്ത വോളണ്ടിയർമാർക്ക് പരിശീലനം നൽകി, ഇവരുടെ സേവനം പ്രയോജനപ്പെടുത്തുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്കു പുറമെ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത സന്നദ്ധ പ്രവർത്തകരും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
രോഗം ബാധിച്ചും ക്വാറന്റൈനിലും വീടുകളിൽ കഴിയുന്നവർക്ക് ഭക്ഷ്യവസ്തുക്കളും മരുന്നും എത്തിച്ചു നൽകുന്നത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുകയാണ് പൊതുവിഭാഗം വോളണ്ടിയർമാരുടെ ചുമതല. രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിന് പൊലീസിന്റെ അനുമതിയോടെ നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നവരാണ് പൊലീസ് വോളണ്ടിയർമാർ.
കൊവിഡ് വ്യാപനം, ചികിത്സ, രോഗപ്രതിരോധം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ പൊതു സാഹചര്യം ജില്ലാ കളക്ടർ എം.അഞ്ജനയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. ജില്ലയിൽ നിലവിലുള്ള ക്രമീകരണങ്ങൾ ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് ഏബ്രഹാം എന്നിവർ വിശദമാക്കി.
ഓക്‌സിജൻ ലഭ്യത ഉറപ്പാക്കുന്നതിനായി കളക്ടറേറ്റ് കേന്ദ്രീകരിച്ച് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഓക്‌സിജൻ വാർ റൂം പ്രവർത്തിക്കുന്നുണ്ട്.
ജില്ലയിലെ കൊവിഡ് ചികിത്സാ, പ്രതിരോധ സംവിധാനങ്ങളോട് സ്വകാര്യ ആശുപത്രികൾ സഹകരിക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
എം.പിമാരായ തോമസ് ചാഴികാടൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, നിയുക്ത എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എൻ. വാസവൻ, സി.കെ. ആശ, ഉമ്മൻ ചാണ്ടി, ഡോ. എൻ. ജയരാജ്, മോൻസ് ജോസഫ്, മാണി സി. കാപ്പൻ, ജോബ് മൈക്കിൾ, സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.