തലയോലപ്പറമ്പ് : ചെമ്പ് കാട്ടിക്കുന്ന് പണ്ടങ്ങാക്കര കോമളം (77) നെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മകൾക്കൊപ്പമാണ് കോമളം താമസിച്ചിരുന്നത്. കോമളത്തിന്റെ മകളുടെ മകനും ഭാര്യയും കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് കോട്ടയത്ത് ചികിത്സയിലാണ്. മകളും കെവിഡ് ബാധിതയായി വീട്ടിൽ നിരീക്ഷണത്തിലാണ്. കോമളത്തിന് ടെസ്റ്റ് നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. വീണ്ടും പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിരുന്നു. ശ്വാസംമുട്ടലടക്കമുള്ള കോമളം പരിഭ്രാന്തി മൂലം ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം. വീട്ടിലെ ചവറുകൾ കൂട്ടിയിട്ടു കത്തിക്കാനായി കുപ്പിയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ വീട്ടിൽ നിന്ന് കാണാതായിട്ടുണ്ട്. രാവിലെ മകൾ അമ്മയെ വിളിക്കാൻ എത്തിയപ്പോൾ മുറിയുടെ ചുവരുകളിൽ കരി പടർന്നത് കണ്ടു സംശയം തോന്നി സമീപത്തു താമസിക്കുന്ന സഹോദരന്റെ ഭാര്യയെ വിവരമറിച്ചു. അവർ വന്ന് മുറിയിലെ പൊട്ടിയ ജനൽ ചില്ലിനിടയിലൂടെ നോക്കിയപ്പോൾ തീ ആളുന്നതാണ് കണ്ടത്. ഉടൻ ബന്ധുക്കൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു.കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം സംസ്കരിക്കും.