പാലാ: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ സെക്രട്ടറിയായി നിയമിതയായി പാലാ സ്വദേശിനി അനു ജോർജ് ഐ.എ.എസ്. പാലാ പൂവരണി മുണ്ടമറ്റം കുടുംബാംഗമാണ് അനു .ഭർത്താവ് തോമസ് പാലാ വടക്കൻ കുടുംബാംഗമാണ്. പൂവരണി മുണ്ടമറ്റം ജോർജ് മാത്യു വൽസല ദമ്പതികളുടെ മൂത്ത മകളാണ് അനു. സഹോദരൻ അരുൺ ഉദയ്പൂർ താജ് ഹോട്ടലിലെ ഉന്നത ഉദ്യോഗസ്ഥനാണ്.
ജോർജ് മാത്യു വർഷങ്ങൾക്ക് മുന്നേ നിലമ്പൂരിലേക്ക് താമസം മാറ്റിയിരുന്നു. നിലമ്പൂരിലും, തിരുവനന്തപുരത്തും ദില്ലിയിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അനു, ജെ.എൻ.യു.വിൽ നിന്ന് എം.എയും എം.ഫില്ലും പാസായ ശേഷമാണ് ഐ.എ.എസിലേക്ക് കടന്നത്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ബിരുദം നേടിയിട്ടുണ്ട്. അനു തമിഴ്‌നാട്ടിൽ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥയായതിനെ തുടർന്ന് ജോർജ് മാത്യുവും കുടുംബവും തെങ്കാശിയിലേക്ക് താമസം മാറ്റിയിരുന്നു. ഇപ്പോൾ പാലക്കാട് ആലത്തൂർ പാടൂരാണ് താമസം.
2003ൽ ഐ.എ.എസ് നേടി തമിഴ്‌നാട് കേഡറിലെ മികച്ച ഉദ്യോഗസ്ഥ എന്നു പേരെടുത്ത അനു വിവിധ കാലയളവുകളിൽ പ്രമുഖ തസ്തികളിൽ ജോലി ചെയ്ത ശേഷമാണിപ്പോൾ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാവുന്നത്. ഭർത്താവ് തോമസ് എൻജിനീയറാണ്. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആദിത്യയും ഏഴാം ക്ലാസ് വിദ്യാർത്ഥി ടെസുമാണ് മക്കൾ. കഴിഞ്ഞ മാർച്ചിൽ മാതാപിതാക്കളോടൊപ്പം അനു ജോർജ് പാലാ പൂവരണിയിലെ തറവാട്ടുവീട്ടിൽ എത്തിയിരുന്നു.