കോട്ടയം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യ ഞായറാഴ്‌ച വിവാഹ പ്രളയം..! വിവാഹ വാഹനങ്ങൾ പരിശോധിച്ച് പൊലീസും വലഞ്ഞു. ജില്ലാ പൊലീസ് മേധാവി ഡി.ശില്‌പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഇന്നലെ പരിശോധന. നല്ല മുഹൂർത്തമുണ്ടായിരുന്ന ഇന്നലെ ജില്ലയിൽ നൂറിലേറെ വിവാഹങ്ങളാണ് നടന്നത്. ലോക്ക് ഡൗൺ നീണ്ടു പോയേക്കുമെന്നു ഭയന്ന് ഈ വിവാഹങ്ങളിൽ നല്ല പങ്കും നടത്തി. മാറ്റിയതാകട്ടെ , വധു വരന്‍മാര്‍ക്കോ അടുത്തു ബന്ധുക്കള്‍ക്കോ കൊവിഡ് ബാധിച്ചതു മാത്രമാണ്. വിവാഹം നടത്തേണ്ട ക്ഷേത്രമോ, പള്ളിയോ അവസാന നിമിഷം കണ്ടെയ്ൻമെന്റ് സോണിലായതിന്റെ പേരില്‍ പകരം സ്ഥലങ്ങള്‍ തേടി അലഞ്ഞവരുമുണ്ട്. പ്രതിസന്ധിയെല്ലാം അതിജീവിച്ച് ഇന്നലെ വിവാഹം നടത്തിയവരെല്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഭൂരിഭാഗവും നിര്‍ദേശങ്ങള്‍ പാലിച്ചെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ചിലയിടങ്ങളില്‍ വിവാഹം പരിധിവിട്ട് ആഘോഷിക്കാന്‍ ശ്രമിച്ച ചിലരെ പൊലീസിന് മടക്കി അയയ്ക്കേണ്ടിവന്നു. രേഖകളൊന്നുമില്ലാതെ, വിവാഹം എന്നു പറഞ്ഞു വന്നവർക്കും തിരികെ പോകേണ്ടിവന്നു. വിവാഹ വേദികളെല്ലാം പൊലീസിന്റെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ജീവനക്കാരുടെയും കര്‍ശന നിരീക്ഷണത്തിലായിരുന്നു.