*നാണ്യവിളകള്‍ക്ക് കൂട്ടത്തോടെ വിലയിടിഞ്ഞു

കട്ടപ്പന: കാർഷിക മേഖലയെ ബാധിച്ചിരിക്കുന്ന കണ്ടകശനി വിട്ടൊഴിയാൻ ഇനിയും എത്രനാൾ? കൊവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും ലോക്ക്‌ ഡൗൺ നിലവിൽ വന്നതോടെ കാർഷിക മേഖല ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. നാണ്യവിളകളുടെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകരുടെ പ്രതീക്ഷകളൊക്കെ അസ്തമിക്കുകയാണ്. ഏലയ്ക്കയുടെ വിലയിടിവാണ് വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കുരുമുളക് വിലയും കുറഞ്ഞു. തേയില കർഷകരെ വെട്ടിലാക്കി പച്ചക്കൊളുന്ത് വിലയും കുത്തനെ ഇടിഞ്ഞു. ഒരു പതിറ്റാണ്ടായി കാപ്പി ക്കൃഷിയിൽ നിന്ന് കർഷകർക്ക് യാതൊരു മെച്ചവുമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ കൃഷിയിടങ്ങളിൽ നിന്നുള്ള വരുമാനം നാമമാത്രമാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര വിപണികൾക്ക് പൂട്ടുവീണതോടെ നാണ്യവിളകളുടെ കയറ്റുമതി നിലച്ചു. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണിപ്പോൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ തുടർച്ചയായി വേനൽമഴ ലഭിച്ചതിനാൽ വിളകൾക്ക് ഗുണകരമാണ്. ഓഫ് സീസൺ ആയതിനാൽ കവാത്ത്, വളമീടിൽ, കീടനാശിനി തളിക്കൽ തുടങ്ങിയ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. ലോക്ക് ഡൗൺ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്ന ആശങ്കയും കർഷകർ പങ്കുവയ്ക്കുന്നു.


തകർന്നടിഞ്ഞ് ഏലയ്ക്ക വില

കാർഷിക മേഖലയിൽ കൊവിഡ് ഏറ്റവുമധികം 'ബാധിച്ചത്' ഏലയ്ക്കയെയാണ്. രണ്ടര വർഷങ്ങൾക്ക് ശേഷം സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ 800 മുതൽ 950 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ആഭ്യന്തര വിപണികൾ സ്തംഭിച്ച് കയറ്റുമതി നിലച്ചതോടെ വില കുത്തനെ കുറഞ്ഞു. ഓഫ് സീസണിലെ 'മാജിക്' പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇരുട്ടടിയാണ് ഉണ്ടായത്. ഉത്പാദനം വൻതോതിൽ വർദ്ധിച്ചതും കയറ്റുമതി കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. രണ്ട് സീസണുകളിലായി കർഷകർ സംഭരിച്ചിരുന്നവയിൽ ഭൂരിഭാഗവും വിറ്റഴിച്ചു. ജൂൺ ജൂലായ് മാസങ്ങളിൽ അടുത്ത ഏലയ്ക്ക സീസൺ ആരംഭിക്കും. സെമി ലോക്ക്ഡൗണിനെ തുടർന്ന് സ്‌പൈസസ് ബോർഡിന്റെ ഇ- ലേലം നാല് ദിവസത്തോളം മുടങ്ങിയിരുന്നു. വെള്ളിയാഴ്ച പുറ്റടി സ്‌പൈസസ് പാർക്കിൽ ലേലം നടന്നെങ്കിലും ലോക്ക്‌ ഡൗൺ ആരംഭിച്ചതോടെ വീണ്ടും മുടങ്ങാനാണ് സാദ്ധ്യത. അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണമുള്ളതിനാൽ വ്യാപാരികൾ എത്താതാകുന്നതോടെ ലേലവും പ്രതിസന്ധിയിലാകും.


കുരുമുളകിനും രക്ഷയില്ല

ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കുരുമുളകിന്റെയും വില കുറച്ചു. കഴിഞ്ഞ മാസം 420 രൂപയിലെത്തിയിരുന്നെങ്കിലും ഒരാഴ്ചയ്ക്കിടെ 370- 380 രൂപയായി വില കുറഞ്ഞു. ന്യൂഡൽഹി, മുംബെയ് വിപണികളിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. കഴിഞ്ഞ ലോക്ക്‌ ഡൗൺ കാലത്ത് 270 രൂപയായിരുന്നു വില. എന്നാൽ ഗുണനിലവാരമുള്ള ഹൈറേഞ്ച് കുരുമുളകിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡിമാൻഡ് വർദ്ധിച്ചതോടെ കയറ്റുമതി വൻതോതിൽ കൂടി. തുടർന്നാണ് വിലയിലും മുന്നേറ്റമുണ്ടായത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും വിപണികളിൽ പ്രതിസന്ധി ഉടലെടുത്തതോടെ വില കുറയുകയായിരുന്നു.


കാപ്പിക്കൃഷി 'ഔട്ട്'

ഒരു പതിറ്റാണ്ടായി കർഷകർക്ക് യാതൊരു മെച്ചവും ലഭിക്കാത്തത് കാപ്പിക്കൃഷിയിൽ നിന്നാണ്. റോബസ്റ്റ കാപ്പിപ്പരിപ്പിന് 112 രൂപയും തൊണ്ടോടുകൂടി 62 രൂപയും അറബി കാപ്പിപ്പരിപ്പിന് 122 രൂപയും തൊണ്ടോകൂടി 78 രൂപയുമാണ് കിലോഗ്രാമിന് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്തതിനാൽ ഭൂരിഭാഗം കർഷകരും കാപ്പിച്ചെടികൾ വെട്ടിക്കളഞ്ഞ് ഏലംകൃഷിയിലേക്ക് മാറി. കാപ്പിക്കുരു വിളവെടുത്ത് ഉണക്കി വിറ്റാൽ തൊഴിലാളികൾക്ക് നൽകാനുള്ള കൂലി പോലും ലഭിക്കില്ല. ഏഴ് വർഷത്തിലധികമായി കാപ്പിക്കുരു വിലയിൽ വലിയ മാറ്റമില്ല. പരമാവധി 140 രൂപ വരെയാണ് വില ഉയർന്നിട്ടുള്ളത്. ഭൂരിഭാഗം കർഷകരും കാപ്പിക്കൃഷിയിൽ നിന്ന് പിൻവാങ്ങിയതോടെ ഉത്പാദനത്തിൽ 60 ശതമാനത്തോളം കുറവുണ്ടായി. വർഷങ്ങൾക്ക് മുമ്പ് 260 രൂപ വില എത്തിയിരുന്നു. പിന്നീട് ക്രമേണ വില താഴ്ന്ന് 80 രൂപ വരെയെത്തി. ഏലംകൃഷി വ്യാപനത്തെ തുടർന്ന് പല കാപ്പിത്തോട്ടങ്ങളും അപ്രത്യക്ഷമായി. വർഷങ്ങൾക്ക് മുമ്പ് കാപ്പിക്കൃഷി സമൃദ്ധമായിരുന്ന മേഖലകളിൽ പോലും നാമമാത്രമായി. വിലയില്ലാത്തതിനാൽ വിളവെടുക്കാനും ഉണങ്ങാനുമുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് പലരും പേരിന് മാത്രമാണ് കാപ്പിക്കൃഷി ചെയ്യുന്നത്.