lockdown

കോട്ടയം: ലോക്ക് ഡൗണിൽ യാത്രക്കുള്ള പാസിനായി നൽകിയ അപേക്ഷകളിൽ പാതിയിലേറെയും പൊലീസ് നിരസിച്ചു. ഇന്നലെ ഉച്ചവരെ 1200 അപേക്ഷകളാണ് സൈറ്റ് വഴി ലഭിച്ചത്. എന്നാൽ പാതിയും മതിയായ കാരണമില്ലാത്തതാണെന്ന് പൊലീസ് പറയുന്നു.

ശനിയാഴ്‌ച വൈകിട്ടോടെയാണ് ഇതിനുള്ള വെബ് സൈറ്റ് പ്രവർത്തനക്ഷമമായത്. ജില്ല വിട്ടുള്ള യാത്രകൾക്കാണ് പ്രധാനമായും പാസ് നൽകുന്നത്. എന്നാൽ അപേക്ഷകളിൽ ഏറെയും കൃത്യമായ കാരണങ്ങളില്ലാത്തതായിരുന്നു. ചികിത്സാ ആവശ്യത്തിനും ജോലിക്കും പിരിഞ്ഞിരിക്കുന്ന കുടുംബത്തോടൊപ്പം ചേരുന്നതിനുമുള്ള അപേക്ഷകളാണ് പ്രധാനമായും പൊലീസ് പരിഗണിച്ചിരുന്നത്.

ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലെ കൺ‌ട്രോൾ റൂമിലാണ് അപേക്ഷകൾ പരിഗണിച്ചിരുന്നത്. ഓരോ അപേക്ഷയും എത്രയും വേഗം തീർപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നുണ്ട്.

പണിമുടക്കി സൈറ്റ്

പാസിനുള്ള സൈറ്റ് പലപ്പോഴും ലഭ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ കൂടുതൽ ആളുകൾക്കും അപേക്ഷ നൽകാൻ സാധിച്ചില്ലെന്ന് പരാതിയുണ്ട്. എന്നാൽ, ജില്ലയ്‌ക്കുള്ളിൽ യാത്ര ചെയ്യുന്നവർക്ക് പാസ് ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. ജോലിക്കായി പുറത്തിറങ്ങുന്നവർ‌ക്ക് സ്ഥാപനം നൽകിയ തിരിച്ചറിയൽ രേഖ മതിയാകും.