കുറവിലങ്ങാട്: കൊവിഡ് ബാധിതരായി വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ ഓക്സിജൻ സ്ഥിതിയും പൾസും സ്വന്തം നിലയിൽ പരിശോധിക്കുന്നതിനുള്ള പൾസ് ഓക്സിമീറ്ററുകളും പി.പി.ഇ കിറ്റുകളും മാസ്ക്കുകളും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന് വാങ്ങി നൽകി ജലവിതരണ സൊസൈറ്റി മാതൃകയായി. പഞ്ചായത്തിലെ 6, 7 വാർഡുകളിലെ വീടുകളിൽ ശുദ്ധജലമെത്തിക്കുന്ന കമലഗിരി ജലവിതരണ സൊസൈറ്റി ഭരണസമിതിയാണ് മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകിയത്. അഡ്വ കെ.കെ ശശികുമാർ ഉപകരണങ്ങൾ പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാർ എസ്.കൈമൾ, പഞ്ചായത്തംഗങ്ങളായ ലതികാ സാജു, ജോയിസി അലക്സ് എന്നിവർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം റ്റിൻസി മാത്യു, സൊസൈറ്റി സെക്രട്ടറി കെ.എം.സാബു, ഭാരവാഹികളായ കെ.കെ.ജോർജ്, ബാലചന്ദ്രൻ, തങ്കച്ചൻ കപ്പയിൽ, രാരിച്ചൻ,കെ.ടി.ഉല്ലാസ് എന്നിവർ പ്രസംഗിച്ചു.