കട്ടപ്പന: ഡി.വൈ.എഫ്.ഐ കട്ടപ്പന സൗത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന താലൂക്ക് ആശുപത്രിയുടെ പരിസരം ശുചീകരിച്ച് അണുമുക്തമാക്കി. ആശുപത്രിയോട് ചേർന്നുള്ള കൊവിഡ് പരിശോധന കേന്ദ്രത്തിന്റെ മുൻവശത്ത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിൽ അലക്ഷ്യമായി കിടന്ന നിർമാണ സാമഗ്രികളും നീക്കി. ആശുപത്രിയിൽ എത്തുന്നവർ അലക്ഷ്യമായി റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പ്രവർത്തകർ ആരോപിച്ചു. ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കണമെന്നും വാഹന പാർക്കിംഗ് നിയന്ത്രിക്കാൻ സെക്യൂരിറ്റിയെ നിയമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രസിഡന്റ് വി. ജോബി, കെ. ബിറ്റോ, സുബിൻ ബിനു എന്നിവർ നേതൃത്വം നൽകി.