പാലാ:പ്രമുഖ തീർത്ഥാടന കേന്ദ്രമായ കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവ വിഗ്രഹ ദർശനത്തിന് കാരണഭൂതനായ മഠത്തിൽ പാച്ചുനായർ ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം. 2019 മെയ് 10നാണ് അദ്ദേഹം മഹാദേവപദം പൂകിയത്. 1960 ജൂലായ് 14നാണ് മഹാദേവ വിഗ്രഹത്തിന്റെ പുനരവതാരമുണ്ടായത്. കൃഷിക്കാരനായിരുന്ന പാച്ചു നായർ വിറകിന്റെ ആവശ്യത്തിനായി,മാടപ്പാട്ട് തൊമ്മൻ എന്ന ആളിന്റെ പുരയിടത്തിൽ നിന്ന് വെട്ടിയ വലിയ അത്തിമരത്തിന്റെ ഉള്ളിൽ നിന്നാണ് മഹാദേവ വിഗ്രഹം കണ്ടെത്തിയത്.തുടർന്ന് പൂജയും ആരാധനയുമായി.ഇന്ന് കാണുന്ന വലിയ ക്ഷേത്രവും പിന്നീടുണ്ടായി.തെന്നിന്ത്യയിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമാണിന്ന് കടപ്പാട്ടൂർ മഹാദേവക്ഷേത്രം.
മഹാദേവന്റെ ഭക്തനായി ക്ഷേത്രസന്നിധിയിൽ ചിലവഴിച്ചിരുന്ന പാച്ചു നായർ 87ാം വയസിലാണ് വിട പറഞ്ഞത്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് താമസിച്ചിരുന്ന മഠത്തിൽ കേശവനും ഗൗരിയമ്മയുമാണ് മാതാപിതാക്കൾ. ഭാര്യ ചെല്ലമ്മ,ആറ് മക്കൾ. കടപ്പാട്ടൂർ തിരുവത്തിക്കൽ ഭവനത്തിലായിരുന്നു താമസം. പിതാവിന്റെ ഓർമ്മയ്ക്കായി സമാധി സ്ഥലത്ത് മണ്ഡപം നിർമ്മിക്കാനും ഇവിടെ എത്തുന്ന എല്ലാവർക്കും അന്നദാനത്തിനും പദ്ധതിയുള്ളതായി മുത്ത മകൻ ടി.പി.രാജു പറഞ്ഞു.