കറുകച്ചാൽ: ശക്തമായ കാറ്റിലും മഴയിലും കങ്ങഴ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശം. മുളയംവേലി, മരുതുംകുഴി, അമ്പലത്തിനാംകുഴി തുടങ്ങിയ പ്രദേശങ്ങളിലാണ് നാശമുണ്ടായത്. മരങ്ങൾ വീണ് വൈദ്യുതിലൈനുകൾ പൊട്ടുകയും വൈദ്യുത പോസ്റ്റുകൾ ഒടിയുകയും ചെയ്തു. അമ്പലത്തിനാംകുഴി മാടയ്ക്കാട്ട് രാധാകൃഷ്ണന്റെ വീടിന് മുകളിലേക്ക് മാവും തെങ്ങും കടപുഴകി വീണു. വീടിന്റെ റൂഫിംഗ് പൂർണമായി തകർന്നു. പുരയിടത്തിൽ നിന്ന തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങൾ കടപുഴകി. നെടുംകുന്നം ഒൻപതാം വാർഡ് കല്ലൻമാക്കൽ കൊച്ചുഴത്തിൽ ഫിലിപ്പോസിന്റെ മുറ്റത്ത് കിടന്ന രണ്ട് കാറുകളുടെ മുകളിലേക്ക് ആഞ്ഞിലിമരം വീണ് വാഹനങ്ങൾ ഭാഗീകമായും കാർ ഷെഡ് പൂർണ്ണമായി തകർന്നു. കൂടാതെ റബർ, കപ്പ, ഏത്തവാഴ തുടങ്ങിയ കൃഷികളും നശിച്ചു.