കുമരകം:ലോക്ക്ഡൗൺ കാലയളവിൽ കുമരകം പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കും. കൂടുതൽ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യമായും മറ്റ് അത്യാവശ്യക്കാർക്ക് 30 രൂപ നിരക്കിലും ഉച്ചഭക്ഷണം ഭവനങ്ങളിൽ വാളണ്ടിയർമാർ മുഖേന എത്തിച്ചുനൽകും. സൗജന്യ ഭക്ഷണം നൽകേണ്ടവരേ വാർഡുതല ജാഗ്രതാ സമിതികൾ തീരുമാനിക്കും. വാർഡുതല ജാഗ്രത സമിതികളുടെ നേതൃത്വത്തിൽ മുഴുവൻ വാർഡുകളിലും അടിയന്തിരമായി സാനിറ്റൈസേഷൻ നടത്തും. തുടർശുചീകരണ പ്രവർത്തനങ്ങൾ വീടുകളിൽ നടത്തുന്നതിനായി ബ്ലീച്ചിംഗ് പൌഡർ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യും. രണ്ടാംഘട്ട വാക്‌സിൻ വിതരണം വാർഡുകളിലെ ആശാവർക്കർമാർ മുഖേന മാത്രമാണ് നടത്തുക. കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്കും ക്വറന്റൈനിൽ കഴിയുന്നവർക്കും ഓക്‌സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി കുമരകം ഗവ.ആശുപത്രിയിൽ ഓക്‌സിജൻ പാർലർ സംവിധാനം ക്രമീകരിക്കും. കമ്മ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തനത്തിനായി വിഭവങ്ങളും സംഭാവനകളും പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു അറിയിച്ചു.