കട്ടപ്പന: കൊവിഡ് രണ്ടാം തരംഗത്തിൽ കാർഷിക മേഖല തകർന്നടിഞ്ഞതോടെ നാണ്യവിളകളുടെ വിലത്തകർച്ചയിൽ നട്ടംതിരിയുകയാണ് കർഷകർ. അവരുടെ പ്രതീക്ഷകളൊക്കെ അസ്തമിച്ചു. ഏലയ്ക്കയുടെ വിലയിടിവാണ് വൻ പ്രതിസന്ധിയിലേക്ക് ഇടുക്കി മേഖലയെ തള്ളിവിട്ടത്.
കുരുമുളക് വിലയും കുറഞ്ഞു. തേയില കർഷകരെ വെട്ടിലാക്കി പച്ചക്കൊളുന്ത് വിലയും കുത്തനെ ഇടിഞ്ഞു. ഒരു പതിറ്റാണ്ടായി കാപ്പിക്കൃഷിയിൽ നിന്ന് കർഷകർക്ക് യാതൊരു മെച്ചവുമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ കൃഷിയിടങ്ങളിൽ നിന്നുള്ള വരുമാനം നാമമാത്രമാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര വിപണികൾക്ക് പൂട്ടുവീണതോടെ നാണ്യവിളകളുടെ കയറ്റുമതിയും നിലച്ചു. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണിപ്പോൾ.
കാർഷിക മേഖലയിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ചത് ഏലയ്ക്കയെയാണ്. രണ്ടര വർഷങ്ങൾക്ക് ശേഷം സ്പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ 800 മുതൽ 950 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ആഭ്യന്തര വിപണികൾ സ്തംഭിച്ച് കയറ്റുമതി നിലച്ചതോടെ വില കുത്തനെ കുറഞ്ഞു. ഓഫ് സീസണിലെ 'മാജിക്' പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇരുട്ടടിയാണ് ഉണ്ടായത്.
ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കുരുമുളകിന്റെയും വില കുറച്ചു. കഴിഞ്ഞ മാസം 420 രൂപയിലെത്തിയിരുന്നെങ്കിലും ഒരാഴ്ചയ്ക്കിടെ 370- 380 രൂപയായി വില കുറഞ്ഞു. ന്യൂഡൽഹി, മുംബയ് വിപണികളിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്ത് 270 രൂപയായിരുന്നു വില. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും വിപണികളിൽ പ്രതിസന്ധി ഉടലെടുത്തതോടെ വില കുറയുകയായിരുന്നു.
റോബസ്റ്റ കാപ്പിപ്പരിപ്പിന് 112 രൂപയും തൊണ്ടോടുകൂടി 62 രൂപയും അറബി കാപ്പിപ്പരിപ്പിന് 122 രൂപയും തൊണ്ടോകൂടി 78 രൂപയുമാണ് കിലോഗ്രാമിന് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്തതിനാൽ ഭൂരിഭാഗം കർഷകരും കാപ്പിച്ചെടികൾ വെട്ടിക്കളഞ്ഞ് ഏലംകൃഷിയിലേക്ക് മാറിയിരുന്നു. കാപ്പിക്കുരു വിറ്റാൽ തൊഴിലാളികൾക്ക് നൽകാനുള്ള കൂലി പോലും ലഭിക്കാത്തതിനാലാണ് മറ്റ് കൃഷികളിലേക്ക് കാപ്പി കർഷകർ തിരിഞ്ഞത്.