കോട്ടയം: റവന്യു, കൃഷി, പൊതുമരാമത്ത് വകുപ്പുകളിൽ നോട്ടമിട്ട് കേരള കോൺഗ്രസ്-എം. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മന്ത്രിസ്ഥാനത്തിനായുള്ള ചർച്ചയിൽ ഇക്കാര്യം പാർട്ടി ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കും. പാർട്ടിക്ക് അഞ്ച് എം.എൽ.എ മാർ ഉള്ളതിനാൽ രണ്ട് മന്ത്രിസ്ഥാനം തങ്ങൾക്ക് ലഭിക്കണമെന്നാണ് പാർട്ടിയുടെ തീരുമാനം. ശനിയാഴ്ച പാലായിൽ ചേർന്ന പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇക്കാര്യം ചർച്ച ചെയ്തിരുന്നു.
ഒന്നും രണ്ടും എം.എൽ.എ മാരുള്ള പാർട്ടിക്ക് ഒരു മന്ത്രിസ്ഥാനം നല്കുമ്പോൾ തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്നാണ് പാർട്ടി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ഇക്കാര്യത്തിൽ സമ്മർദ്ദം ചെലുത്തുകയില്ലെന്നാണ് അറിയുന്നത്.
രണ്ട് മന്ത്രിസ്ഥാനങ്ങൾ ലഭിച്ചാൽ ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ. എൻ.ജയരാജ് എന്നിവരാവും മന്ത്രിമാരാവുക. ഒരു മന്ത്രിസ്ഥാനമേ ലഭിക്കുകയുള്ളുവെങ്കിൽ റോഷി അഗസ്റ്റിനാവും മുൻതൂക്കം. എന്നാൽ, ജയരാജ് ആണ് പാർട്ടിയിൽ സീനിയർ. നാലാം തവണയാണ് ജയരാജ് കാഞ്ഞിരപ്പള്ളിയെ പ്രതിനിധീകരിക്കുന്നത്.
എന്നാൽ, ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പോ മറ്റ് ഏതെങ്കിലും സ്ഥാനമോ നല്കി കേരള കോൺഗ്രസ്-എമ്മിനെ മയപ്പെടുത്താനാണ് സി.പി.എം നേതൃത്വം ശ്രമിക്കുകയെന്നറിയുന്നു. മദ്ധ്യകേരളത്തിൽ എൽ.ഡി.എഫ് കൂടുതൽ സീറ്റുകൾ കൈക്കലാക്കിയത് കേരള കോൺഗ്രസ് എമ്മിന്റെ സഹായം ലഭിച്ചതുകൊണ്ടാണെന്ന് ഇടതുമുന്നണിക്കറിയാം. അതിനാൽ തന്നെ കേരള കോൺഗ്രസ്-എമ്മിനെ പിണക്കാതിരിക്കാൻ സി.പി.എം ശ്രമിക്കും. എന്നാൽ, ചെറുപാർട്ടികൾക്ക് മന്ത്രിസ്ഥാനം നല്കേണ്ടതിനാൽ മന്ത്രിമാരുടെ എണ്ണം കൂടും. ഇക്കാര്യത്തിൽ സി.പി.എമ്മിന് താത്പര്യമില്ലത്രേ.