chitha

ചങ്ങനാശേരി: കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പള്ളിമുറ്റത്ത് കൊടിമരച്ചുവട്ടിൽ ചിതയൊരുക്കി ദഹിപ്പിച്ചു. കൊടിനാട്ടുംകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിമുറ്റത്താണ് കൊടിമരച്ചുവട്ടിൽ ചിതയൊരുക്കിയത്. തൃക്കൊടിത്താനം പഞ്ചായത്ത് അഞ്ചാം വാർഡ് മണികണ്ഠവയൽ ഭാഗത്ത് കുന്നിൽ വീട്ടിൽ സേവ്യർ (70) ആണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ മരിച്ചത്. കുടുംബത്തിലെ ഒരാൾ കൊവിഡ് ബാധിച്ച് തൃക്കൊടിത്താനം ഡിസിസി യിലും ബാക്കി ഉള്ളവർ വീട്ടിൽ ക്വാറന്റയിനിലും ആയിരുന്നു. അതിനാൽ, വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി മരണപ്പെട്ട ആളുടെ ഇടവകയായ കൊടിനാട്ടുകുന്ന് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സംസ്‌കരിക്കുന്നതിനായി എത്തിച്ചു.

പള്ളി സെമിത്തേരിയിൽ ചിതയൊരുക്കുവാൻ സൗകര്യം കുറവായതിനാൽ പള്ളിയുടെ മുൻവശത്ത് കൊടിമരത്തിനോട് ചേർന്ന് എല്ലാ ആദരവോടെയും പ്രത്യേകം ചിതയൊരുക്കുന്നതിന് പള്ളി വികാരി ഫാ. ഫിലിപ്പ് പച്ചക്കൊടി കാട്ടി. തുടർന്ന് അസി.വികാരി ഫാ. ബോബി ജോസഫ്, കൈക്കാരൻമാരായ ബാബുരാജ്, സണ്ണിച്ചൻ എന്നിവർ ചേർന്ന് പള്ളിയുടെ മുൻവശത്ത് കൊടിമരത്തിനോട് ചേർന്ന് ചിതയൊരുക്കി മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. ഭൗതിക അവശിഷ്ടം സെമിത്തേരിയിലെ പ്രത്യേക സെല്ലിനുള്ളിൽ പെട്ടിയിലാക്കി അടക്കം ചെയ്തു. വാർഡ് മെമ്പർ ബിനോയ് ജോസഫ്, നാലാം വാർഡ് മെമ്പർ ബൈജു വിജയൻ, രഞ്ജിത്ത് രവീന്ദ്രൻ,മേഖല ട്രഷറർ അരുൺ സാബു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.