കോട്ടയം: കിലോക്ക് 80 രൂപ ലഭിക്കേണ്ട മറയൂർ ശർക്കരക്ക് വില കൂപ്പുകുത്തി. 50 രൂപയ്ക്കുപോലും വാങ്ങാൻ ആളില്ല. വ്യാജനാവട്ടെ 38 രൂപയ്ക്ക് മാർക്കറ്റിൽ സുലഭം. ഇതോടെ കച്ചവടക്കാർ വ്യാജൻ വാങ്ങി വിറ്റ് കീശ വീർപ്പിക്കുകയാണ്. മറയൂർ ശർക്കരയുടെ ഗുണമേന്മ മുൻനിർത്തി കേന്ദ്ര സർക്കാർ ഭൗമ സൂചക പദവി നൽകിയിരുന്ന ശർക്കരയ്ക്കാണ് ഈ ഗതികേട്. കിലോയ്ക്ക് 80 രൂപ ലഭിക്കുമെന്ന് കർഷകർ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് വ്യാജൻ വാങ്ങി കച്ചവടക്കാർ വില്ക്കുന്നത്.
ഒറിജിനൽ മറയൂർ ശർക്കര വാങ്ങാൻ കച്ചവടക്കാർ തയാറാവാത്തതാണ് വ്യാജ ശർക്കര വിപണി കൊഴുക്കാൻ കാരണമായതെന്നാണ് പറയുന്നത്. വിപണി താഴ്ന്നതോടെ കർഷകർ 50 രൂപക്ക് വില്ക്കാൻ തയാറായെങ്കിലും ആ വിലക്ക് വാങ്ങാനും കച്ചവടക്കാർ തയാറാവുന്നില്ല. ഈ അവസ്ഥ മനസിലാക്കിയാണ് വ്യജൻ അരങ്ങുതകർക്കുന്നത്.
മറയൂരിൽ 50,000 കിലോ ശർക്കര വിൽക്കാൻ കഴിയാതെ കെട്ടിക്കിടക്കുകയാണ്. ആയിരം ചാക്കുകളിലായി നിറച്ച ശർക്കര കച്ചവടക്കാർ നോക്കിയിട്ട് ഒന്നും ഉരിയാടാതെ പോവുകയാണ്. 50 കൃഷിക്കാരുടെ ഒരു വർഷത്തെ ഉല്പന്നമാണ് ഇത്. ഇതോടെ കർഷകർ ഏറെ കഷ്ടത്തിലായി. ശർക്കര കെട്ടിക്കിടക്കുന്നതോടെ കരിമ്പ് കൃഷി നിർത്തിവച്ചിരിക്കയാണ് കർഷകർ. വിളഞ്ഞുനില്ക്കുന്ന കരിമ്പ് ശർക്കരയാക്കാനും കർഷകർ തയാറാവുന്നില്ല. കെട്ടിക്കിടക്കുന്ന ശർക്കര സർക്കാർ ഏറ്റെടുത്ത് സൗജന്യ കിറ്റിൽ ഉൾപ്പെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം. ഇത് കർഷകർക്ക് ആശ്വാസമാവും.
ഉൽപാദന ചിലവ് പോലും കർഷകർക്ക് കിട്ടില്ലായെന്നറിയാവുന്ന വ്യാപാരികൾ വ്യാജസർക്കര വില കുറച്ച് കിട്ടുന്നതിനാൽ അതിനുപിറകെ പോവുകയാണെന്നാണ് കർഷകർ പറയുന്നത്.പൊതുവിപണിയിൽ മറയൂർ ശർക്കര എന്ന വ്യാജേനയാണ് ഗുണനിലവാരം കുറഞ്ഞ ശർക്കര വില്ക്കുന്നത്. സർക്കാർ ഏജൻസികളൊന്നും മറയൂർ ശർക്കര സംഭരിക്കാനോ, ന്യായവില ഉറപ്പിക്കാനോ തയ്യാറാകുന്നില്ല.