കോട്ടയം : വേനൽമഴ കനത്തതോടെ കുഴിമറ്റം പാടശേഖരത്തിൽ മടവീണ് നെല്ല് നശിച്ചു. 18 ഏക്കർ പാടത്ത് കൊയ്യാറായ നെൽച്ചെടികൾ പൂർണമായും വെള്ളത്തിലായതോടെ ലക്ഷങ്ങളുടെ നഷ്ടത്തിലാണ് കർഷകർ.
കാൽനൂറ്റാണ്ടോളമായി കൃഷി മുടങ്ങിയിരുന്ന പാടത്ത് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീപുനർ സംയോജനത്തിന്റെ ഭാഗമായാണ് കൃഷി പുന:രാരംഭിച്ചത്. പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരെയാണ് മഴ ചതിച്ചത്. സമീപ പാടശേഖരങ്ങളിലെ കൊയ്ത്ത് പൂർത്തിയായിരുന്നെങ്കിലും ഇവിടെ നെല്ല് പാകമാകാൻ വൈകിയതിനാലാണ് കൊയ്ത്തും വൈകിയത്. കൊയ്യാനായി യന്ത്രം ബുക്ക് ചെയ്തപ്പോഴാണ് മഴയിൽ മടവീണത്. തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളം ഒഴുകിപ്പോകുന്നില്ല. ശക്തമായി വെള്ളം തിരിച്ചെത്തിയതോടെയാണ് മടതകർന്നത്.
ഏക്കറിന് 30,000 ചെലവായതായി കർഷകൻ കെ.ജെ.സാബു പറയുന്നു. സാബുവടക്കം നാലുപേർ ചേർന്നാണ് കൃഷിയിറക്കിയത്. നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.