ചങ്ങനാശേരി : ഒറ്റ മഴയിൽ എ.സി റോഡ് വെള്ളത്തിൽ മുടങ്ങിയതോടെ ചെറു വാഹന യാത്രക്കാർ ദുരിതത്തിൽ. ലോക്ക് ഡൗൺ ആയതിനാൽ തിരക്ക് കുറവായതാണ് പ്രതിസന്ധി രൂക്ഷമാക്കാത്തത്. റോഡിന് സമീപമുള്ള ഓട മൂടിപ്പോയതും ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണം. എം.സി റോഡിൽ നിന്ന് വരുന്ന വെള്ളം വന്ന് നിറയുന്നത് ഇവിടേയ്ക്കാണ്. റോഡിനു ഇരുവശവും ഓട ഉണ്ടെങ്കിലും മലിനജലം കെട്ടിക്കിടക്കുകയാണ്. റോഡരികുകൾ കാട് പിടിച്ചു കിടക്കുന്നതിനാൽ തുറന്ന് കിടക്കുന്ന ഓട പലപ്പോഴും അപകടത്തിനും ഇടയാക്കുന്നു. പല ഓടകളുടെയും സ്ലാബ് മറിഞ്ഞ് കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുകയാണ്.
വീടുകളിലേക്കും വെള്ളം
ആലപ്പുഴ റോഡിലെ ഉൾഭാഗത്തേയ്ക്ക് മാറി സ്ഥിതി ചെയ്യുന്ന പല വീടുകളിലേക്കും ശക്തമായ മഴയിൽ വെള്ളം ഒഴുകിയെത്തുകയാണ്. ഇത് സാക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നതിനും ഇടയാക്കുന്നു. നഗരത്തിൽ രാജേശ്വരി കോംപ്ലക്‌സിന് മുൻപിലും വെള്ളക്കെട്ട് നിത്യസംഭവമാണ്. ഇവിടെ ഓട പുനർനിർമ്മിച്ചിരുന്നു. എസ്.ബി കോളേജിന് സമീപം എം.സി റോഡിലും, വെരൂർ പള്ളിയ്ക്ക് സമീപവും വെളളക്കെട്ട് ഉണ്ടാകുന്നുണ്ട്.
ഓട മൂടിപ്പോയ സ്ഥിതിയിൽ
ഡ്രെയിനേജ് സംവിധാനമില്ല
കാൽനടയാത്ര ദുരിതം