ചങ്ങനാശേരി : കൊവിഡ് വ്യാപനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിയുക്ത എം.എൽ.എ അഡ്വ. ജോബ് മൈക്കിൾ ആവശ്യപ്പെട്ടു. പ്ലാന്റ് സ്ഥാപിക്കുന്നതിനുളള സാദ്ധ്യത പരിശോധിക്കുമെന്ന് കളക്ടർ അറിയിച്ചതായി എം.എൽ.എ പറഞ്ഞു. കൊവിഡ് വാക്‌സിൻ എടുക്കുന്നതിനായി രജിസ്റ്റർ ചെയ്തവർക്ക് വാക്‌സിൻ അപര്യാപ്തത മൂലം ലഭിക്കാതെ വന്നാൽ വീണ്ടും രജിസ്റ്റർ ചെയ്യണമെന്നുള്ള നടപടി ഒഴിവാക്കുകയും വാക്‌സിൻ ലഭിയ്ക്കുന്ന മുറയ്ക്ക് പഴയ രജിസ്‌ട്രേഷനിൽ ആളുകൾക്ക് നൽകുന്നതിനുളള നടപടി സ്വീകരിക്കണം. അന്യസംസ്ഥാന തൊഴിലാളികളുടെ മോണിറ്ററിങ്ങിനായി നോഡൽ ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലാളികൾക്കാവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത ഉറപ്പാക്കണം. കൊവിഡ് ബാധിതരായ തൊഴിലാളികൾക്ക് ഐസൊലേഷൻ സംവിധാനം ക്രമീകരിക്കണം. ചങ്ങനാശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ നാലോളം പാടശേഖരങ്ങളിൽ കൊയ്ത നെല്ല് കെട്ടിക്കിടക്കുന്നത് കർഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തിരമായി നെല്ല് എടുക്കുന്നതിന് മില്ലുടമകൾക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം യോഗത്തിൽ ആവശ്യപ്പെട്ടു.