കൊല്ലപ്പള്ളി : ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും കടനാട് പഞ്ചായത്തിലെ മാനത്തൂർ, പിഴക്, വല്യാത്ത് പ്രദേശങ്ങളിൽ വീടും കൃഷിയും നഷ്ടപ്പെട്ടവർക്ക് അടിയന്തിര സഹായം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു. നിരവധി വീടുകളും കൃഷിയുമാണ് നശിച്ചത്. ആഞ്ഞിലിമരം കടപുഴകി വീണ് ജോസ് ചൊറിയമ്മാക്കലിന്റെ വീട് പൂർണ്ണമായും തകർന്നു. മാനത്തൂർ - മണിയാക്കുംപാറ റോഡ് ഗതാഗതം തടസപ്പെട്ടു. നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകരാറിലായി. തങ്കമ്മ പുതുപ്പുള്ളി , ജോമോൻ ഇരുവേലിക്കുന്നേൽ തുടങ്ങിയവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. നാശമുണ്ടായ സ്ഥലങ്ങളിൽ രാജേഷ് വാളി പ്ലാക്കൽ, കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, പഞ്ചായത്ത് മെമ്പർ ജിജി തമ്പി തുടങ്ങിയവർ സന്ദർശിച്ചു.