ചങ്ങനാശേരി : അരുളുള്ളവനാണ് ജീവി എന്ന ഗുരുദേവ സന്ദേശത്തെ അന്വർത്ഥമാക്കി എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ധർമ്മഭട സംഘം രൂപീകരിച്ചു. വിവിധങ്ങളായ രോഗദുരിതങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർച്ചയായി ഉണ്ടാകുന്ന സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി അടിയന്തരസേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി രോഗം ബാധിച്ച് ദുരിതം അനുഭവിക്കുന്നവർക്ക് മരുന്ന്, ഭക്ഷണം, ആശുപത്രിയിൽ എത്തിക്കുന്നതിനുള്ള വാഹന സൗകര്യം, കൊവിഡ് ബാധിതരായി മരണപ്പെടുകയും സംസ്‌കാരത്തിന് സ്ഥലപരിമിതിയുള്ളവർക്ക് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്‌കാരം നടത്തുന്നതിനായി ശാഖകളിലെ ശ്മശാനങ്ങൾ അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാനായി നിർദേശം നൽകും. സന്നദ്ധപ്രവർത്തനങ്ങൾക്കായി എല്ലാ ശാഖകളിലും 10 പേരടങ്ങുന്ന സന്നദ്ധ സേന രൂപീകരിക്കുകയും യൂണിയൻ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും പ്രസിഡന്റ് ഗിരീഷ് കോനാട്ട്, വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ അറിയിച്ചു.