പാലാ : ലോക്ക് ഡൗണിനോട് പൊതുജനം പൂർണമായി സഹകരിച്ചതോടെ പാലാ നഗരം നിശ്ചലം. വ്യാപാരസ്ഥാനങ്ങളും ഏറെക്കുറെ പൂർണമായും അടഞ്ഞുകിടന്നു. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ വ്യാപരികളും അധികൃതരും ശ്രദ്ധിച്ചതിന്റെ ഭാഗമായി ഏതാനും പച്ചക്കറി, പലചരക്ക് കടകൾ പ്രവർത്തിച്ചു. ബാങ്കുകളും സർക്കാർ ഓഫീസുകളും ധനകാര്യ സ്ഥാപനങ്ങളും ഉച്ചവരെ പ്രവർത്തിച്ചു. ഭക്ഷണശാലകൾ പൂർണ്ണമായും അടഞ്ഞുകിടന്നത് നഗരത്തിലെ അന്തേവാസികളെ ബുദ്ധിമുട്ടിലാക്കി. നഗരസഭയുടെ ചുമതലയിലുള്ള ഉച്ചഭക്ഷണശാല വീണ്ടും പ്രവർത്തനമാരംഭിച്ചത് ആശ്വാസമായി. 25 രൂപയ്ക്ക് പാഴ്‌സലായി ഊണ് ലഭിക്കും. ആരോഗ്യപ്രവർത്തകർക്ക് യാത്ര ചെയ്യുന്നതിനായി മെഡിക്കൽ കോളേജിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ, സാമുദായിക സംഘടനകൾ കൊവിഡ് പ്രതിസന്ധിയിൽ സേവന സന്നദ്ധരായി രംഗത്തെത്തിയത് ആരോഗ്യപ്രവർത്തകർക്കും പൊലീസിനും സഹായമായിട്ടുണ്ട്. യൂത്ത് കോൺഗ്രസ് രാമപുരം കമ്മിറ്റിയുടെ നേതൃത്വത്തിൽ സന്നദ്ധസേന രൂപീകരിച്ചു. സേവാഭാരതിയുടെ നേതൃത്വത്തിൽ രാമപുരത്തെയും മേലുകാവിലെയും ആശുപത്രികളും കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളും അണുവിമുക്തമാക്കി. രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ആവശ്യമായ ഭക്ഷണങ്ങളും എത്തിച്ചു നൽകി.
നഗരസഭയിലെ 13, 14, 15 വർഡുകളിൽ കൊവിഡ് രോഗികളെയും കുടുംബത്തെയും സഹായിക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ സന്നദ്ധസേന രൂപീകരിച്ചു. കൗൺസിലർ അഡ്വ.ബിനു പുളിക്കക്കണ്ടം നേതൃത്വം നൽകും. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നഗരസഭയിലെയും പഞ്ചായത്തിലെയും വാർഡുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനം ആരംഭിച്ചു.
വിലക്ക് ലംഘിച്ച 5 പേർക്കെതിരെ കേസ്
വിലക്ക് ലംഘിച്ച് നിരത്തിലിറങ്ങിയ 5 വാഹനങ്ങൾക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തു. മതിയായ കാരണങ്ങളില്ലാതെയും സത്യവാങ്മൂലം കൈയ്യിലില്ലാതെയും എത്തിയവർക്കെതിരെയാണ് നടപടി. നഗരത്തിനുള്ളിൽ മൂന്ന് ഭാഗങ്ങളിൽ പൊലീസ് സംഘം വാഹനങ്ങൾ തടഞ്ഞുനിറുത്തി പരിശോധന നടത്തി.