chinnamma
ചിന്നമ്മ

 സഹകരിക്കുമെന്ന് ജോർജ്
 പൊലീസ് കോടതിയിൽ അപേക്ഷ നൽകി


കട്ടപ്പന: ഇനിയും തെളിയിക്കപ്പെടാത്ത ചിന്നമ്മ കൊലപാതക കേസിൽ ഭർത്താവ് ജോർജിനെ നുണപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനായി അന്വേഷണ സംഘം കോടതിയിൽ അനുമതി തേടി അപേക്ഷ നൽകി. നുണ പരിശോധനയോട് സഹകരിക്കുമെന്ന് ജോർജും പൊലീസിനെ അറിയിച്ചിട്ടുണ്ട്. ചിന്നമ്മയെ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് സൂചന പോലുമില്ലാത്തത് വിമർശനത്തിനിടയാക്കിയിരുന്നു. നിയന്ത്രണങ്ങൾ കർശനമാക്കുകയും പിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്‌തതോടെ ചോദ്യം ചെയ്യൽ താത്കാലികമായി അവസാനിപ്പിച്ചിരിക്കുകയാണ്. അതേസമയം ചിന്നമ്മയുടെ ശരീരത്തിൽ നിന്ന് കാണാതായ 4 പവൻ സ്വർണാഭരണങ്ങൾ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കട്ടപ്പന ഡിവൈ.എസ്.പി ജെ. സന്തോഷ്‌ കുമാർ, സി.ഐ വി. ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ അന്വേഷണ സംഘം 70ൽപ്പരം പേരെ ഇതിനോടകം ചോദ്യം ചെയ്തു. ജോർജിനെ പലതവണയായി 20 മണിക്കൂറിലധികം ചോദ്യം ചെയ്തിട്ടും അന്വേഷണത്തിന് സഹായകരമായ വിവരങ്ങളൊന്നും ലഭിച്ചില്ല. സമീപത്തെ വീടുകളിലെയും കടകളിലെയും സി.സി. ടി.വി. ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സഹായം വീണ്ടും പൊലീസ് തേടിയിരുന്നു. ഇതിനിടെ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് മുഖ്യമന്ത്രി, ഡി.ജി.പി. തുടങ്ങിയവർക്ക് പരാതി നൽകി.
കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ ജോർജിന്റെ ഭാര്യ ചിന്നമ്മ (65) യെ ഏപ്രിൽ എട്ടിന് പുലർച്ചെയാണ് ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോർജും ചിന്നമ്മയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലെ മുറിയിലും ചിന്നമ്മ താഴത്തെ നിലയിലെ മുറിയിലുമാണ് ഉറങ്ങിയിരുന്നത്. രാവിലെ തൃശൂരിലുള്ള മകളുടെ വീട്ടിൽ പോകാനിരിക്കുകയായിരുന്നു ഇരുവരും. പുലർച്ചെ 4.30ന് ജോർജ് താഴത്തെ മുറിയിലെത്തിയപ്പോൾ ചിന്നമ്മ ചലനമറ്റ് നിലത്ത് കിടക്കുകയായിരുന്നു. മുഖത്ത് രക്തക്കറയുമുണ്ടായിരുന്നു. കൂടാതെ ശരീരത്തോടുചേർന്ന് മറ്റൊരു തുണിയും കാണപ്പെട്ടിരുന്നു. അയൽക്കാരുടെ സഹായത്തോടെ ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്ന് തെളിഞ്ഞത്.
ഭർത്താവ് ജോർജാണ് ചിന്നമ്മയുടെ ശരീരത്ത് ഉണ്ടായിരുന്ന 4 പവൻ സ്വർണാഭരണങ്ങൾ കാണാനില്ലെന്ന് മൊഴി നൽകിയത്. തുടർന്ന് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മുറ്റത്തും പുരയിടത്തിലും ദിവസങ്ങളോളം പരിശോധന നടത്തിയെങ്കിലും ഇവ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫോറൻസ് സംഘവും വിരലടയാള വിദഗ്ദ്ധരും നടത്തിയ പ്രാഥമിക പരിശോധനയിൽ പുറത്തുനിന്നുള്ള മറ്റാരെങ്കിലും വീടിനുള്ളിൽ കയറിയതായുള്ള തെളിവുകളും ലഭിച്ചിട്ടില്ല. വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന മറ്റ് ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ച നടന്നതായും സംശയിക്കാനാകില്ല. മോഷണത്തിനിടെ കൊലപാതകം നടന്നതാകാമെന്ന് സംശയിക്കത്തക്ക തെളിവുമില്ല. ചിന്നമ്മയുടെ ശരീരത്തിൽ മുറിവുകളോ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളോ ഇല്ല. ചിന്നമ്മയുടെ മൃദേഹം കണ്ടെത്തിയ മുറിയുടെ തറയിൽ സോപ്പ്‌പൊടി വിതറിയിരുന്നതായി കണ്ടെത്തിയിരുന്നു. ചിന്നമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം വീടിനുള്ളിൽ നിന്ന് മണംപിടിച്ച പൊലീസ് നായ തൊട്ടടുത്ത് കൊച്ചുതോവാള റോഡ് വരെ മാത്രമാണ് പോയത്.