കടുത്തുരുത്തി : നെല്ല് സംഭരണത്തിന് സ്ഥിരം സംവിധാനം ഏർപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് എക്‌സിക്യുട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് ആവശ്യപ്പെട്ടു. കുട്ടനാട് അപ്പർ കുട്ടനാട് മേഖലയിൽ നെല്ല് കൊയ്ത ശേഷം ഒരു മാസത്തിലധികം വരമ്പത്ത് നെല്ല് കൂട്ടിയിട്ട് വില്പനക്കാരെ കാത്തിരിക്കേണ്ട ഗതികേട് വർഷങ്ങളായി കർഷകർ അനുഭവിക്കേണ്ടി വരുന്നത് തികച്ചും അന്യായമാണ്. സർക്കാർ സംവിധാനവും, കൃഷി വകുപ്പും നോക്കു കുത്തിയായി മാറി നിൽക്കുകയും റൈസ്മിൽ ഉടമകൾ വിലപേശൽ നടത്തുകയും ചെയ്യുന്ന ദുര:വസ്ഥയാണ് സംഭവിക്കുന്നത്. നെല്ലിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നത് കൃഷി വകുപ്പും സർക്കാരുമല്ല ഏതാനും മില്ലുടമകളാണ്. നെല്ല് സംഭരണ കാര്യത്തിൽ എല്ലാ വർഷവും അനിശ്ചിതാവസ്ഥ ഉണ്ടാകുന്നു. നെൽ കൃഷി വ്യാപകമായി ചെയ്യണമെന്ന് സർക്കാർ ആഹ്വാനം ചെയ്യുകയും കൃഷിയിറക്കി കഴിഞ്ഞ് സർക്കാർ കർഷകരെ തിരിഞ്ഞ് നോക്കാതിരിക്കുകയും ചെയ്യുന്നതാണ് സംഭവിക്കുന്നത്. അന്യായമായ ഈ നടപടി അവസാനിപ്പിക്കാനും, കൃഷിക്കാരോട് നീതി പുലർത്താനും കഴിയുന്ന വിധത്തിൽ നെല്ല് സംഭരണ കാര്യത്തിൽ സ്ഥിരം സംവിധാനം ഏർപ്പെടുത്തണം. ഇതിന് തയ്യാറായില്ലെങ്കിൽ നെൽ കൃഷിക്കാരുടെ അനിശ്ചിതകാല പ്രക്ഷോഭത്തിന് കേരള കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.