പാലാ : കൊഴുവനാൽ പഞ്ചായത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ കൊവിഡ് രോഗികൾ ആശുപത്രിയിലേക്ക് എങ്ങനെ പോകണം..? നടന്നു പോകണമെന്നാണോ അധികാരികളുടെ നിലപാട്. പാവപ്പെട്ട രോഗികളെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്കും തിരികെയും എത്തിക്കാൻ എല്ലാ പഞ്ചായത്തുകളിലും ആംബുലൻസുകളും പ്രത്യേകം വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്; കൊഴുവനാൽ ഗ്രാമപഞ്ചായത്തിൽ ഒഴികെ. ഇപ്പോൾ സ്വകാര്യ വാഹനങ്ങളേയും ചുരുക്കം ചില ടാക്‌സി വാഹനങ്ങളെയുമാണ് രോഗികൾ ആശ്രയിക്കുന്നത്. ഇവരിൽ ചുരുക്കം ചിലരെങ്കിലും അമിത ചാർജ് ഈടാക്കുന്നുണ്ട്. അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ലല്ലോ. കൊവിഡ് രോഗികളെ കൊണ്ടുപോകുന്നതും റിസ്‌ക്കാണല്ലോ.
കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച് വലിയ ആശങ്കകൾ ഉയർന്നിരുന്നു.
ഇന്ന് ചേരുന്ന പഞ്ചായത്ത് കമ്മിറ്റി വിഷയം അടിയന്തിരമായി ചർച്ച ചെയ്യുമെന്ന് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് അറിയിച്ചു. എത്രയും വേഗം വാഹന സൗകര്യം ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.