രാജാക്കാട്: വട്ടക്കണ്ണിപാറ ഈട്ടിച്ചോടിനു സമീപം സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ മരുന്നു തളിച്ചതിനെ തുടർന്ന് സമീപത്തെ വീട്ടിൽ കൊവിഡ് പോസിറ്റീവായി കഴിഞ്ഞിരുന്ന ഒരു കുടുബത്തിലെ മൂന്നു പേർക്ക് ശ്വാസം മുട്ടലും, ശാരീരിക ബുദ്ധിമുട്ടും അനുഭവപ്പെട്ടു. ഇവരെ അവശ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ച കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പ്രദേശത്തെ ഒരു കുടുംബത്തിലെ 5 വയസുള്ള കുട്ടിയും മാതാപിതാക്കളും ഇവിടെ ക്വാറന്റയിനിൽ കഴിയുകയായിരുന്നു. വീടിനു സമീപത്തെ ഏലത്തോട്ടത്തിൽ വിഷം തളിച്ചപ്പോൾ ഇവർക്ക് ശ്വാസതടസം ഉൾപ്പെടെയുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വിഷം തളിക്കുന്നത് നിർത്തിവയ്ക്കണമെന്ന് ഇവർ ജോലിക്കാരോട് ആവശ്യപ്പെട്ടെങ്കിലും നിർത്തിവയ്ക്കാൻ തയാറായില്ല. കുടുംബാംഗങ്ങൾ സമീപത്തുള്ളവരെ ഫോണിൽ ഇക്കാര്യം അറിയിച്ചു. ഉടൻ തന്നെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയും ഇവരെ ആശുപത്രിയിൽ കൊണ്ടു പോകുന്നതിന് ആംബുലൻസ് സേവനം നൽകണമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ആംബുലൻസ് വരാൻ വൈകിയതോടെ ഇവരെ അതുവഴി വന്ന സ്വകാര്യ വ്യക്തിയുടെ ജീപ്പിൽ നെടുങ്കണ്ടത്തെ കൊവിഡ് കെയർ സെന്ററിൽ എത്തിച്ചു. ഗൃഹനാഥന്റെ നില കൂടുതൽ വഷളായതോടെ ഓക്‌സിജൻ നൽകിയിരിക്കുകയാണ്.അമ്മയെയും കുഞ്ഞിനെയും കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു പ്രാഥമിക ശുശ്രൂഷകൾ നൽകി.