ഹെൽത്ത് ഇൻസ്‌പെക്ടറെ ബലിയാടാക്കാൻ നീക്കമെന്നും ആക്ഷേപം
കട്ടപ്പന: നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചക്കെതിരെ പ്രതിഷേധം ശക്തം. നഗരസഭ ആരോഗ്യ വിഭാഗത്തിനെതിരെ നഗരസഭാദ്ധ്യക്ഷ ബീന ജോബി പരസ്യമായി രംഗത്തെത്തി. അതേസമയം കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് ആരോഗ്യ വിഭാഗത്തെ ബലിയാടാക്കുകയാണെന്നും ആക്ഷേപമുയർന്നു. നഗരസഭയുടെ രണ്ടാമത്തെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ കട്ടപ്പന ഗവ. കോളജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിൽ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ രോഗബാധിതർ വർദ്ധിച്ചിട്ടും ചികിത്സാകേന്ദ്രം തുറക്കാത്തത് നഗരസഭയുടെ വീഴ്ചയാണെന്നാണ് ആരോപണം. ഹോസ്റ്റലിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. വയറിംഗ് അടക്കമുള്ള ജോലികൾ നഗരസഭയ്ക്ക് ചെയ്യേണ്ടിവന്നിരുന്നു. എന്നാൽ എല്ലാവിധ സൗകര്യങ്ങളുമുള്ള വർക്കിംഗ് വിമൻസ് ഹോസ്റ്റൽ ഇതിനായി ഏറ്റെടുക്കാത്തതും വിമർശനത്തിനിടയാക്കിയിരുന്നു. അതേസമയം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അലംഭാവം കാട്ടുകയാണെന്ന് ബീന ജോബി ആരോപിച്ചു. ചില ദിവസങ്ങളിൽ ഇദ്ദേഹം അവധിയിൽ പ്രവേശിക്കുകയാണ്. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട് വ്യാപാരികളിൽ നിന്ന് ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ പരാതിയുയർന്നിരുന്നു. ഇത് ഭരണസമിതി ചോദ്യം ചെയ്തതാണ് നിസഹകരണത്തിന് കാരണമെന്നും ബീന ജോബി ആരോപിച്ചു. ആരോഗ്യ വിഭാഗം പിരിച്ചെടുത്ത തുകയും കണക്കും ഓഡിറ്റിന് വിധേയമാക്കുന്നതിനും വ്യാപാരികളുടെ പരാതി പരിശോധിക്കുന്നതിനും ഹെൽത്ത് ഇൻസ്‌പെക്ടർക്ക് പുറമേ 2 ജൂനിയർ എച്ച്.ഐമാരും നിലവിലുണ്ട്. എന്നാൽ ഒരു ജെ.എച്ച്.ഐയെ കൂടി താത്കാലികാടിസ്ഥാനത്തിൽ നിയമിക്കണമെന്നുള്ള ഹെൽത്ത് ഇൻസ്‌പെക്ടറുടെ പിടിവാശി എതിർത്തതാണ് ഇപ്പോഴത്തെ അനാസ്ഥയ്ക്ക് കാരണം. ഉദ്യോഗസ്ഥനെ മറയാക്കി ചിലർ നഗരസഭക്കെതിരെ ആക്ഷേപമുന്നയിക്കുകയാണ്. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരു സംഘമായാണ് പ്രവർത്തിച്ചുവരുന്നത്. 34 വാർഡുകളിലും 10 അംഗങ്ങളുള്ള വാർഡുതല കോവിഡ് ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡെൽപ്പ് ഡെസ്‌കും ആരംഭിച്ചു. ഗവ. കോളജിൽ 10 ഓക്‌സിജൻ കിടക്കകൾ ഉൾപ്പെടെ 100 കിടക്കകളുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ നാളെ തുറക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ബീന ജോബി അറിയിച്ചു.