കോട്ടയം : കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിയുക്ത എം.എൽ.എ വി.എൻ.വാസവൻ വിളിച്ചു ചേർത്ത ഏറ്റുമാനൂർ മണ്ഡലത്തിലെ പഞ്ചായത്തുതല അവലോകന യോഗങ്ങൾ ആരംഭിച്ചു. താഴേത്തട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയാൽ രണ്ടാംതരംഗത്തെയും അതിജീവിക്കാൻ സാധിക്കുമെന്ന ആരോഗ്യവിദഗ്ദ്ധരുടെ റിപ്പോർട്ടിന്റെ കൂടി പശ്ചാതലത്തിലാണ് യോഗങ്ങൾ നടത്തുന്നതെന്ന് വാസവൻ പറഞ്ഞു. ഓരോ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കാര്യങ്ങൾ നേരിട്ട് മനസിലാക്കി അവയ്ക്ക് പരിഹാരമാർഗങ്ങൾ കണ്ടത്തിയാണ് മുന്നോട്ടുള്ള പ്രവർത്തനം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഡോക്ടർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരാണ് ഓൺലൈനായി നടന്ന യോഗങ്ങളിൽ പങ്കെടുത്തത്. അയ്മനം, കുമരകം പഞ്ചായത്തിലെ യോഗമാണ് ഇന്നലെ ചേർന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും ഉയർന്നു നിൽക്കുന്ന കുമരകം ഗ്രാമപഞ്ചായത്തിൽ കൂടുതൽ കാര്യക്ഷമമയാ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് യോഗത്തിൽ തീരുമാനമായി. നിലവിൽ പഞ്ചായത്തിന് ആംബുലൻസുണ്ട്, പഞ്ചായത്ത് തലത്തിൽ വാഹന സൗകര്യം ഉറപ്പാക്കും
കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. അയ്മനം പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചൺ രണ്ടു ദിവസത്തിനുള്ളിൽ സജ്ജമാവും.