ചങ്ങനാശേരി: ഉത്സവകാലത്ത് അമ്പലപ്പറമ്പുകളിലും പള്ളിപ്പെരുന്നാൾ സ്ഥലത്തും മാത്രം കിട്ടുന്ന അപൂർവ വസ്തുവായ തഴപായ നിർമ്മാണ തിരക്കിലാണ് അറുപത്തിയെട്ടുകാരി ശാന്തമ്മ. കൈനടി പയറ്റുപാക്ക കണ്ണങ്കേരിച്ചിറ വീട്ടിൽ പരേതനായ അച്യുതന്റെ ഭാര്യ ശാന്തമ്മയാണ് ഇന്ന് അന്യമായ പരമ്പരാഗതമായ തഴപ്പായ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. പടുകൂറ്റൻ കെട്ടിടങ്ങളും റോഡുകളും വന്നതോടെ കൈതക്കാടുകൾ ഇല്ലാതായി. നാട്ടിൻപുറങ്ങളിൽ നിന്നും കൈതക്കാടുകൾ അപ്രത്യക്ഷമായതോടെ തഴപായ നിർമ്മിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. തോടിന്റെ കരയിലും പറമ്പുകളുടെ അതിരുകൾ തിരിച്ചും നാട്ടിൽ സർവസാധാരണമായി കണ്ടിരുന്ന കൈത ഉപയോഗിച്ചാണ് തഴപായ നിർമ്മിക്കുന്നത്. പാടശേഖരങ്ങളിലെ കൊയ്ത്തു കഴിഞ്ഞതിനുശേഷം കൈത ഓലകൾ ശേഖരിച്ചശേഷം, കൈതയോലയുടെ മുള്ളുകൾ നീക്കി വെയിലത്ത് ഉണക്കിയാണ് തഴ ശേഖരിക്കുന്നത്. ഉണക്കിയെടുക്കുന്ന തഴ ചെറിയ കെട്ടുകളാക്കി മാറ്റും. ഇത് ചെറിയ വീതിയിൽ കീറിയെടുത്താണ് പായ നിർമ്മാണത്തിന് എടുക്കുന്നത്. തഴ കീറിയെടുത്ത് ഊടും പാവും ഇട്ടാണ് നെയ്യുന്നത്. പായുടെ നൂലുകൾ നെയ്‌തെടുക്കുന്നത് പ്രാഗത്ഭ്യം ആവശ്യമുള്ള പണിയാണെന്ന് ശാന്തമ്മ പറഞ്ഞു. തഴപ്പായ, നെയ്ത്തുപായ, കുട്ടികൾക്കുള്ള പായ തുടങ്ങിയ വിവിധ വലിപ്പത്തിലുള്ള പായകൾ നെയ്‌തെടുക്കുന്നു. ഇതിൽ ചെറിയ കണ്ണികൾ ഉള്ളതും വലിയ കണ്ണികൾ ഉള്ളതുമായ പായുണ്ട്. പഴയകാലത്ത് പ്ലാസ്റ്റിക് ടർപ്പനു പകരം നെല്ല് ഉണക്കിയെടുക്കുന്നത് ഇത്തരത്തിൽ നിർമ്മിച്ചെടുത്ത വലിയ കണ്ണിയുള്ള പായയിലാണ്. കൂടാതെ, പലവലിപ്പത്തിലുള്ള കുട്ട നിർമ്മാണവും വിവിധ തരത്തിലുള്ള ചൂലുകളായ കുറ്റിച്ചൂൽ, തുമ്പുചൂൽ എന്നിവയും ഓലമടൽ ഉപയോഗിച്ച് മേൽക്കൂര പായയും നിർമ്മിക്കുന്നുണ്ട്. മുൻപ് ഓരോ വീടുകളിലും ആവശ്യമുള്ള പായ വീടുകളിൽ തന്നെ നെയ്‌തെടുക്കും. ആവശ്യമുള്ള പായ സ്വന്തമായി നെയ്‌തെടുക്കുന്നതനോടൊപ്പം പുറത്ത് വിലക്ക് വിൽക്കുകയും ചെയ്തിരുന്നു. 100, 150 എന്നിങ്ങനെയാണ് പായകളുടെ വില. 50 രൂപയാണ് ചൂലിന്. മാർക്കറ്റിൽ തഴ പായുടെ വില കൂടുതലാണ്. കോട്ടയത്ത് പാക്കിൽ വാണിഭത്തിന് സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. കൊവിഡും ലോക്ക് ഡൗണും മൂലം രണ്ട് വർഷമായി പോകാറില്ല. തഴയുടെ ലഭ്യതക്കുറവ് മൂലം ഇപ്പോൾ ആവശ്യക്കാർക്കായി മാത്രമായും കൊച്ചുകുട്ടികളെ കിടത്തുന്നതിനായി ചെറിയ പായയുമാണ് നിർമ്മിച്ചു നൽകുന്നതെന്ന് ശാന്തമ്മ പറഞ്ഞു. മക്കളായ ഷീബയും, സബീനയും മരുമക്കളായ ബാബുമോൻ, മോനിച്ചൻ എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.