പൊൻകുന്നം:നവീകരണം നടക്കുന്ന പൊൻകുന്നം-പുനലൂർ റോഡിൽ ചിറക്കടവ് അടിച്ചിലാമാക്കൽ പാലത്തിൽ തോട്ടിൽ നിന്ന് വെള്ളംകയറി റോഡ് ഇടിഞ്ഞു. പാലം പുനർനിർമ്മിക്കുന്നതിനാൽ താത്ക്കാലികമായി നിർമ്മിച്ച റോഡാണ് കനത്ത മഴവെള്ളപ്പാച്ചിലിൽ തകർന്നത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങി. തിങ്കളാഴ്ച രാത്രി പെയ്ത മഴയിലാണ് പാലത്തിനുമുകളിലൂടെ വെള്ളം ഒഴുകിയത്. പാലം നിർമ്മാണ ഭാഗമായി മണൽച്ചാക്കുകൾ അടുക്കി വെള്ളം വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ കൂടുതൽ വെള്ളമൊഴുകിയെത്തിയപ്പോൾ കരകവിഞ്ഞ് പാലത്തിലേക്കും റോഡിലേക്കും കയറുകയായിരുന്നു. ഇടിഞ്ഞ ഭാഗം മണ്ണിട്ടുനികത്തി ഗതാഗതം പുന:സ്ഥാപിച്ചു.