കോട്ടയം: ലോക്ക്ഡൗണും മഴയും മൂലം റബർ ഉല്പാദനം കുറഞ്ഞതിനെ തുടർന്ന് കർഷകർക്ക് ആശ്വാസമായി റബർഷീറ്റിന് നേരിയ വില വർദ്ധനവ്. രാജ്യാന്തര വിപണിയിലും വില ഉയർന്നിട്ടുണ്ട്. ഇനിയും രാജ്യാന്തര വിപണിയിൽ വില ഉയരുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. ബാങ്കോക്കിൽ ആർ.എസ്.എസ് നാലിന് 173 രൂപയാണ് വില. ടോക്കിയോ മാർക്കറ്റിൽ 170 രൂപയും.
ആർ.എസ്.എസ് നാലിന് 172 രൂപയും ആർ.എസ്.എസ് അഞ്ചിന് 170 രൂപയുമാണ് ഇന്നലെത്തെ ഇവിടുത്തെ വില. മഴക്കാലം വരാനിരിക്കെ റബറിന് വീണ്ടും വില ഉയരുമെന്നാണ് കർഷകരും വ്യാപാരികളും കരുതുന്നത്. മെയ്, ജൂൺ മാസങ്ങളിൽ ടാപ്പിംഗ് കുറയുകയും റബർ മാർക്കറ്റിൽ എത്താതാവുകയും ചെയ്യുന്നതോടെ 15,000 ടണ്ണിന്റെ കുറവുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. ഇതോടെ റബറിന് വില ഉയരുമെന്നാണ് കർഷകർ കരുതുന്നത്. ലോക്ക്ഡൗൺ കഴിഞ്ഞാൽ ആഭ്യന്തര വിപണിയിൽ റബറിന്റെ ഉപയോഗം കൂടും. ഇതോടെ വില ഉയരുകയും ചെയ്യുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
കാലവർഷം മെയ് 30ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചുകഴിഞ്ഞു. അതിനാൽ ഒട്ടുമിക്ക തോട്ടങ്ങളിലും ടാപ്പിംഗ് നടക്കുകയില്ല. ഇതോടെ ചെറുകിട കർഷകർ വീണ്ടും പ്രതിസന്ധിയിലാവും.
വൻകിട തോട്ടങ്ങളിൽ ഷെയിഡ് ഇട്ട് ടാപ്പിംഗ് നടത്തുന്നുണ്ട്. എന്നാൽ റബറിന് വില ലഭിക്കാതായതോടെ ചെറുകിട കർഷകർ ഷെയ്ഡ് ഇട്ടുള്ള ടാപ്പിംഗ് നിർത്തിയിരുന്നു. കൂടാതെ വളപ്രയോഗവും നിർത്തിവച്ചു. അതിനാൽ തന്നെ ഉല്പാദനം കാര്യമായി കുറഞ്ഞിട്ടുണ്ട്.
സർക്കാർ ആദ്യം 170 രൂപ റബറിന് താങ്ങുവില പ്രഖ്യാപിച്ചിരുന്നു. പിന്നീട് അത് 250 രൂപയായി ഉയർത്തിയെങ്കിലും കർഷകർക്ക് യാതൊരു പ്രയോജനവും ലഭിച്ചില്ല. ഇപ്പോഴും താങ്ങുവിലക്ക് റബർ ശേഖരിക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തതിൽ കർഷകർ അമർഷത്തിലാണ്.
രാജ്യത്ത് കഴിഞ്ഞ സാമ്പത്തിക വർഷം റബറിന്റെ ഉത്പാദനം 0.4 ശതമാനം കൂടിയെന്ന് റബർബോർഡ് ഇറക്കിയ കണക്കിൽ വ്യക്തമാക്കുന്നു. ഇറക്കുമതി 9.6 ശതമാനം കുറഞ്ഞു. 2019ൽ ഉത്പാദനം 7.12 ലക്ഷം ടണ്ണായിരുന്നത് 2020-21 ൽ 7.15 ലക്ഷം ടണ്ണായി ഉയർന്നു.
2019-20 സാമ്പത്തിക വർഷം ഇറക്കുമതി 4,57, 223 ടൺ ആയിരുന്നുവെന്ന് ബോർഡ് ഇറക്കിയ കണക്കിൽ പറയുന്നു. 2020-21 സാമ്പത്തിക വർഷം ടയർ കമ്പനികൾ 4,13,190 ടൺ റബ്ബർ ഇറക്കുമതി ചെയ്തു. 2018-19 വർഷം 5.72 ലക്ഷം ടണ്ണായിരുന്നു ഇറക്കുമതി .
റബർ ഉപയോഗത്തിലും 3.3 ശതമാനം കുറവ് രേഖപ്പെടുത്തി. റബ്ബർ ഉപയോഗം 2019 -20 വർഷം 11.34 ലക്ഷം ടൺ ആയിരുന്നത് 2020-21 ൽ 10.96 ലക്ഷം ടൺ ആയി കുറഞ്ഞുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വർഷത്തെ ലോക് ഡൗൺ കാലത്ത് റബറധിഷ്ഠിത വ്യവസായ മേഖല സ്തംഭിച്ച അവസ്ഥയിലായിരുന്നു. ഏപ്രിൽ മുതൽ അഞ്ചു മാസത്തോളം റബ്ബർ ഇറക്കുമതി നിലച്ചു. കേന്ദ്ര സർക്കാർ ടയർ ഇറക്കുമതിക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഇതോടെ ടയർ കമ്പനികൾ ആഭ്യന്തര വിപണിയിൽ നിന്ന് റബർ വാങ്ങുവാൻ നിർബന്ധിതമായി.
ഒക്ടോബറിന് ശേഷം ടയർ കമ്പനികളുടെ റബർ ഉപയോഗം 3.2 ശതമാനം വർദ്ധിച്ചെന്നാണ് റബർ ബോർഡ് കണക്ക്. ഓഫ് റോഡ് ടയറുകളുടെയും ഗ്ളൗസ് പോലുള്ള ഉൽപ്പന്നങ്ങളുടെയും ഉത്പാദനം വർദ്ധിച്ചതും റബറിന്റെ ആവശ്യകത കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ ഷീറ്റ് റബറിന്റെയും ലാറ്റക്സിന്റെയും വില ഉയർന്നു നിന്നു. ഇതും ആഭ്യന്തര വിപണിയെ ആശ്രയിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിച്ചു. നവംബറോടെയാണ് രാജ്യത്ത് ഇറക്കുമതി പുനരാരംഭിച്ചത്. ജനുവരിയിൽ 40,150 ടണ്ണും ഫെബ്രുവരിയിൽ 35,338 ടണ്ണുമായിരുന്നു ഇറക്കുമതി ചെയ്തത്. മാർച്ചിൽ 47,432 ടണ്ണായും ഇറക്കുമതി ഉയർന്നു.